ആലക്കോട്: കര്‍ണാടക വനത്തില്‍ വച്ച് ആനകളെ വെടിവച്ചുവീഴ്ത്തി കൊമ്പുകള്‍ കടത്തിയ കേസില്‍ ഒരാളെ വനംവകുപ്പ് അധികൃതര്‍ അറസ്റ്റ്ചെയ്തു. മണക്കടവ് ചീക്കാട് സ്വദേശി രവി (60) യേയാണ് ഇന്നലെ രാവിലെ തൃശൂര്‍ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്. കരുവഞ്ചാല്‍ ഫോറസ്റ്റര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായത്തോടെ ചീക്കാട് മേഖലയില്‍ റെയ്ഡ് നടത്തിയാണ് ഇയാളെ പിടികൂടിയത്.
ആനക്കൊമ്പ് കടത്തു കേസില്‍ ഉള്‍പ്പെട്ട രണ്ടംഗസംഘം അധികൃതരെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇവരുടെ വീടുകളിലും മറ്റും അധികൃതര്‍ റെയ്ഡ് നടത്തിവരികയാണ്. ചീക്കാട്, നമ്പ്യാര്‍മല എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ആനക്കൊമ്പ് കടത്ത് കേസിലെ മുഖ്യപ്രതിയെ വായിക്കമ്പയിലെ തുമരയ്ക്കാക്കുഴി തമ്പി എന്ന സാബു (51) വിനെ കഴിഞ്ഞ ആറിന് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ്ചെയ്തിരുന്നു.
ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. 2013 മാര്‍ച്ചില്‍ ചാവക്കാടു വച്ച് രണ്ട് ആനക്കൊമ്പുകളുമായി നാലംഗ സംഘം അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് ആനക്കൊമ്പുകള്‍ എത്തിച്ചുനല്‍കിയത് തമ്പി ഉള്‍പ്പെട്ട സംഘമായിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനത്തില്‍ വച്ചാണ് ആനക്കൊമ്പ് വേട്ട നടത്തിയിരുന്നത്.