കരിമ്പം ഫാമിലെ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി

knr-oushadiതളിപ്പറമ്പ്:  ജൈവ വൈവിധ്യ കേന്ദ്രമായ കരിമ്പം ജില്ലാ കൃഷി ഫാമിലെ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്രപദ്ധതി നടപ്പാക്കുന്നു.— 1904 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ച ഫാമിനകത്ത് ആയിരക്കണക്കിനു സസ്യങ്ങളുടെ വന്‍ ശേഖരമാണുള്ളത്. പലതും വേണ്ടത്ര പരിചരണം കിട്ടാത്തതിനാലും ശ്രദ്ധിക്കപ്പെടാതെയും കിടക്കുകയാണ്. പ്രത്യേക ജൈവവൈവിധ്യ കേന്ദ്രമായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്ന ചോലമൂലയിലാണ് ഏറ്റവും കൂടുതല്‍ ഔഷധ സസ്യങ്ങളുടെ ശേഖരമുള്ളത്.

മരവുരി, പുത്രന്‍ജീവ, വെള്ളോടല്‍, ഗുഗ്ഗുലു, കടുക്ക, കരിങ്ങാലി, വെള്ളപൊയില്‍, മലവേപ്പ്, ചതുരമുല്ല, കുടല്‍ചുരുക്കി, രുദ്രാക്ഷം, ഭദ്രാക്ഷം, ഗരുഡപ്പച്ച, നാഗലിംഗമരം, കര്‍പ്പൂരം, വിഴാലരി, പൂവരശ്, വള്ളിക്കാഞ്ഞിരം, കൃഷ്ണപ്പച്ച, തുളസിവെറ്റില, വേര്‍നമരുന്ന് (മൃഗ ചികിത്സയില്‍ കുളമ്പ് രോഗത്തിന് ഉപയോഗിക്കുന്നത്), ലന്ത, മുള്ളമൃത് തുടങ്ങി അത്യപൂര്‍വ സസ്യങ്ങള്‍ ഫാമിലുണ്ട്.

തിരിച്ചറിയാനാകാത്ത ആയിരത്തിലേറെ ചെടികളും ഇവിടെയുണ്ട്. എല്ലാ ചെടികളും കണ്ടെത്തി തിരിച്ചറിഞ്ഞു സംരക്ഷിക്കാനാണ് തീരുമാനം.— വര്‍ഷങ്ങളായി പകല്‍സമയത്ത്‌പോലും ആളുകള്‍ പോകാന്‍ മടിക്കുന്ന ചോലമൂലയിലെ ഔഷധസ—സ്യ കലവറ കണ്ടെത്തി ഫാം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി അവ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് ഫാം ജീവനക്കാരനും പാരമ്പര്യ വൈദ്യനുമായ വി.—വി.—രാമന്റെ മകന്‍ രാജുവാണ്.

ഫാം ജോലിക്കാരനായ രൂപേഷും ഔഷധസസ്യങ്ങളുടെ കണ്ടെത്തലിന് സജീവമായി രംഗത്തുണ്ടായിരുന്നു. തുടക്കത്തില്‍ ആയിരത്തോളം സസ്യങ്ങള്‍ പ്രത്യേക ചെടിച്ചട്ടികളില്‍ വളര്‍ത്തിയെടുത്തായിരിക്കും സംരക്ഷിക്കുക. എണ്ണൂറിലേറെ ഔഷധസസ്യങ്ങള്‍ ഇതിനകം പ്രത്യേക ചട്ടികളില്‍ വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സസ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

പല സസ്യങ്ങളുടേയും പേരുകള്‍ കണ്ടെത്തുന്നതിന് പ്രാചീന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സമഗ്ര ഗ്രന്ഥവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരുവര്‍ഷത്തിനകം എല്ലാ ഔഷധസസ്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് ഫാം അധികൃതരുടെ കണക്കുകൂട്ടല്‍. ഇപ്പോള്‍ ഫാമിനകത്തെ ഗ്രീന്‍ ഹൗസില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്തുകൊണ്ട് വിവിധ ഔഷധസസ്യങ്ങള്‍ ചെട്ടികളില്‍ വളര്‍ത്തിവരികയാണ്. ചെടികളുടെ പേര്, ശാസ്ത്രീയനാമം എന്നിവ ചെടിച്ചട്ടികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സസ്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ഇവയുടെ കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യാനുള്ള പദ്ധതിയും നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ബോട്ടാണിക്കല്‍ ഗാര്‍ഡനായി കരിമ്പം ഫാമിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണു നടന്നുവരുന്നത്.കൊടുംകാടിന്റെ അന്തരീക്ഷം നിറഞ്ഞ ചോലമൂലയില്‍ വളരുന്ന ഔഷധ സസ്യങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് ഏറെ പ്രയാസമനുഭവിച്ചതെന്നു ഫാം അധികൃതര്‍ പറയുന്നു.

Related posts