ചിറ്റൂര്‍: വേലന്താവളത്ത് മാരിയമ്മന്‍ ക്ഷേത്രം പൊങ്കല്‍ മഹോത്സവം എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റു കാര്‍ത്തിക് എന്ന യുവാവ് മരണമടഞ്ഞിട്ട് ഇന്നു ഒരുവര്‍ഷം തികയുന്നു. കുടുംബത്തിലെ ഏക ആശ്രയമായിരുന്നു കാര്‍ത്തിക്. ഹരിജന്‍ സമുദായത്തില്‍ മാതേരി വിഭാഗത്തില്‍പെട്ട ശെല്‍വന്‍- മറിയ ദമ്പതികളുടെ മകനാണ്.
2015 മേയ് അഞ്ചിനു വൈകുന്നേരം ഒമ്പതിനായിരുന്നു ക്ഷേത്രവളപ്പില്‍ ഉറങ്ങിക്കിടന്ന കാര്‍ത്തിക്കിനെ ആന കുത്തിക്കൊലപ്പെടുത്തിയത്. ചെത്തല്ലൂര്‍ മുരളീധരന്‍ (30) എന്നയാനയാണ് പാപ്പാനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുട്ടില്‍ ഉറങ്ങിക്കിടന്ന കാര്‍ത്തിക്കിനെ വകവരുത്തിയത്. കലിപൂണ്ട ആന ക്ഷേത്രവളപ്പില്‍ നിര്‍ത്തിയിട്ട രണ്ടുകാറുകളും ഒമ്പത് ബൈക്കുകളും അടിച്ചു തകര്‍ത്തു. ക്ഷേത്രപരിസരത്തുനിന്നിരുന്ന നിരവധിപേര്‍ ഓടിരക്ഷപ്പെടുന്നതിനിടെ പലര്‍ക്കും താഴെവീണു പരിക്കേറ്റിരുന്നു.
മരിച്ച കാര്‍ത്തിക്കിന്റെ സുഹൃത്തുക്കള്‍ ശെല്‍വന്‍-മറിയ ദമ്പതിമാര്‍ക്ക് ധനസഹായം നല്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്കിയിരുന്നു. രണ്ടുതവണ സഹായം എത്തിക്കുന്നതിനു നടപടി സ്വീകരിക്കുന്നതായി ശെല്‍വന് കത്തു ലഭിച്ചിരുന്നു.എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ധനസഹായം വിതരണം ചെയ്യാത്തതിനാല്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.ùഎസ്എസ്എല്‍സി പാസായ കാര്‍ത്തിക് ഉപരിപഠനത്തിനു അപേക്ഷ നല്കി സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വേലന്താവളത്തെ പച്ചക്കറിചന്തയില്‍ കൂലിപണി ചെയ്താണ് വീടു പുലര്‍ത്തിയിരുന്നത്. രോഗബാധിതനായ ശെല്‍വന്‍ ഏക മകന്റെ മരണശേഷം ജോലിക്കും പോകുന്നില്ല.ഭാര്യ മറിയ വീട്ടുപണിയെടുത്തു ലഭിക്കുന്ന തുച്്ചമായ വരുമാനത്തിലാണ് ഉപജീവനം നടത്തുന്നത്.