റിയാസ് കുട്ടമശേരി
ആലുവ: ഭരണമാറ്റത്തെ തുടര്‍ന്ന് സംസ്ഥാന ആഭ്യന്തരവകുപ്പില്‍ രാഷ്ട്രീയ പകപോക്കലെന്ന പോലെ നടക്കുന്ന സ്ഥാനചലങ്ങള്‍ പോലീസ് സേനയുടെ വീര്യം കെടുത്തുന്നതായി ആക്ഷേപം. സേനാതലവനായ ഡിജിപി മുതല്‍ സാദാ കോണ്‍സ്റ്റബിളിനെവരെ സ്ഥലം മാറ്റുന്നതാണ് പോലീസില്‍ അഭിപ്രായഭിന്നതയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി പകരം ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചത് സേനയിലും രാഷ്ട്രീയത്തിലും ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെതിരെ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഹര്‍ജിയുമായി എത്തിയിരിക്കുകയാണ്.
സെന്‍കുമാറിനെ കൂടാതെ തലപ്പത്ത് നടന്ന അഴിച്ചുപണിയില്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയെ നീക്കി ജേക്കബ് തോമസിനെ നിയമിച്ചിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരമേറ്റയുടനെ പെരുമ്പാവൂര്‍ ജിഷാ വധക്കേസിന്‍െ പേരില്‍ ആദ്യം കസേരതെറിച്ചത് ദക്ഷിണമേഖലാ എഡിജിപി പത്മകുമാറിന്റേതാണ്. തൊട്ടുപിന്നാലെ അന്വേഷണസംഘത്തെയും മാറ്റി. അങ്കമാലിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്ക്കും കിട്ടി ഇക്കൂട്ടത്തില്‍ സ്ഥാനചലനം. ജിഷ വധക്കേസിന്റെ ആദ്യ അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരായ ജിജി മോന്‍, ബിജോ അലക്‌സാണ്ടര്‍, സനല്‍കുമാര്‍, സദാനന്ദന്‍ എന്നിവരെ മാറ്റി പുതിയ ടീമിന് രുപം നല്കുകയായിരുന്നു.
കോണ്‍ഗ്രസ് അനുഭാവികളായ പോലീസ് അസോസിയേഷന്‍ ഭാരവാഹികളും പണികിട്ടിയവരില്‍ ഉള്‍പ്പെടും. അഞ്ച് വര്‍ഷമായി കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ജി.ആര്‍.അജിത്തിനെ എം.ജി.റോഡില്‍ ട്രാഫിക് ഡ്യൂട്ടി നല്‍കിയാണ് കണക്ക് തീര്‍ത്തത്. ഇദ്ദേഹം ഡ്യൂട്ടി ചെയ്യുന്ന ചിത്രവും അതിനുള്ള അജിത്തിന്റെ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.ആന്റണിയെ പീരുമേട് കോടതിയില്‍ പ്രതിയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കാണ് അയച്ചത്.
കേരള പോലീസ് ചട്ടവും അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടവും ലംഘിച്ചാണ് തന്റെ സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയായിരുന്ന സെന്‍കുമാര്‍ സിഎടിക്ക് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. സ്ഥാനചലനത്തെച്ചൊല്ലി പുതിയ ഡിജിപി ലോക്‌നാഥ് ബഹറയ്ക്ക് നേരെ പരസ്യമായ വിമര്‍ശനം നടത്താനും സെന്‍കുമാര്‍ മുതിര്‍ന്നിരുന്നു. സെന്‍കുമാറിനെ ന്യായീകരിച്ചുകൊണ്ട് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു.
ഐപിഎസ് അസോസിയേഷന്‍ വിളിച്ചു ചേര്‍ത്ത പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കണമെന്ന ആവശ്യവും സംഘടനയില്‍നിന്നും ഉയരുന്നുണ്ട്. സ്ഥലംമാറ്റ നടപടികള്‍ പലര്‍ക്കും അര്‍ഹമായ സ്ഥാനമാനങ്ങള്‍ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് പോലീസ് സേനയിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും.