ഒരു നല്ല ജോലിയെന്നത് ഏവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ജോലി കിട്ടുകയെന്നത് വളരെ പ്രയാസമേറിയ കാര്യവും. ജോലി ചെയ്യാന്‍ ആളെ കിട്ടാത്ത ഒരു പട്ടണം ഈ ലോകത്തുണ്ട്. ന്യൂസിലന്‍ഡിലെ ഈ ചെറുനഗരത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അറിഞ്ഞാലോ? തെക്കന്‍ ന്യൂസിലാന്‍ഡിലെ കൈതന്‍ഗട ദ്വീപ് ടൗണാണ് നുമ്മ പറഞ്ഞ ടൗണ്‍. പച്ചപ്പും മലകളും നിറഞ്ഞ ഈ പ്രദേശത്ത് വെറും 800 പേര്‍ മാത്രമാണ് താമസിക്കുന്നത്. പ്രധാനതീരത്ത് നിന്നും വെറും എട്ട് മിനുറ്റ് യാത്ര ചെയ്താല്‍ എത്താവുന്ന ദ്വീപാണിത്. ഡയറി പ്രൊസസിംഗ്, ഫ്രീസിംഗ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ് ഇവിടെ കൂടുതലായിട്ടുള്ളത്. ഇവിടുത്തെ ചുരുങ്ങിയ ജനതയുടെ സാമ്പത്തികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇത് ധാരാളമാണ്.
ജോലിക്ക് ആളെക്കിട്ടുന്നില്ലെന്നതാണ് ഇവിടുത്തുകാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. 1000 തൊഴിലവസരങ്ങള്‍ നികത്തപ്പെടാതെ ഒഴിഞ്ഞ് കിടക്കുകയാണ്. താമസിക്കാന്‍ ആളില്ലാത്തതിനാല്‍ നിരവധി വീടുകള്‍ ഇവിടെ ഒഴിഞ്ഞ് കിടക്കുന്നു. വെറും രണ്ട് യുവാക്കള്‍ മാത്രമാണ് തൊഴില്‍ രഹിതരായിട്ടുള്ളതെന്നാണ് മേയറായ ബ്രയാന്‍ കാഡോഗന്‍ പറയുന്നത്. ജോലിക്കാരെ ആകര്‍ഷിക്കാനായി മെഗാ ജോബ് റിക്രൂട്ട്‌മെന്റ് കാമ്പയ്ന്‍ നടത്താനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ഭരണകൂടം. ജീവിക്കാന്‍ വളരെ ശാന്തമായ സ്ഥലമാണിതെന്നാണ് തദ്ദേശവാസികളില്‍ പറയുന്നത്. തങ്ങള്‍ വീടുകള്‍ പൂട്ടാറില്ലെന്നും കുട്ടികളെ കളിക്കാന്‍ സ്വതന്ത്രരായി വിടാറുണ്ടെന്നും അവര്‍ പറയുന്നു.