ആലപ്പുഴയിലെ മോഷണ പരമ്പര: മോഷ്ടാക്കള്‍ക്കായി ഊര്‍ജിത തെരച്ചില്‍

pkd-thiefആലപ്പുഴ: നഗരസഭയിലെ തുമ്പോളിയില്‍ അടുത്തടുത്ത വീടുകളില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്ത് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. തുമ്പോളി തീര്‍ത്ഥശേരി ജംഗ്ഷന് സമീപം ആര്യാട് ഗ്രാമപഞ്ചായത്ത് കൈമാ പറമ്പില്‍ സുനില്‍കുമാര്‍, കണ്ടത്തില്‍ പുരുഷന്‍, കുറ്റിപ്പുറത്ത് മുരുകേശന്‍ എന്നിവരുടെ വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. വിരലടയാളമടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരുന്നത്. സുനില്‍കുമാറിന്റെ വസതിയില്‍ നിന്നും 18 പവനും 17,000 രൂപയും മുരുകേശന്റെ വസതിയില്‍ നിന്ന് ഒരുപവനും 6000 രൂപയുമാണ് കവര്‍ന്നത്.

പുരുഷന്റെ വീട്ടില്‍ മോഷ്ടാവ് കടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നും എടുത്ത വെട്ടുകത്തി മുരുകേശന്റെ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. വീടുകളുടെ അടുക്കള വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. സുനില്‍കുമാറിന്റെ വീട്ടിലെ മൂന്നു മുറികളിലെ അലമാരികളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് അപഹരിക്കപ്പെട്ടത്. സുനിലിന്റെ സഹോദരന്‍ അനിലിന്റെ മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി കിട്ടിയ സ്വര്‍ണാഭരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു.

അലമാരിക്കു സമീപം തന്നെ താക്കോലുകള്‍ ഉണ്ടായിരുന്നതിനാല്‍ കാര്യമായ ശ്രമം നടത്താതെ തന്നെ മോഷണം നടത്താന്‍ കഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെയോടെ അനിലിന്റെ മാതാവ് ഉണര്‍ന്നപ്പോള്‍ അടുക്കള വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മോഷണവിവരം വ്യക്തമായത്. മോഷണ വിവരമറിഞ്ഞ പ്രദേശവാസികള്‍ ദേശീയപാതയിലടക്കം പുലര്‍ച്ചെ തന്നെ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക്, ഡോഗ് സ്ക്വാഡുകള്‍ മോഷണം നടന്ന വീടുകളിലെത്തി പരിശോധന നടത്തി.

Related posts