ഇനി ക്ലൈമാക്‌സ്! കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം ക്ലൈമാക്‌സിലേക്ക്; നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായി സൂചന

MANIതൃശൂര്‍/ചാലക്കുടി: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം ക്ലൈമാക്‌സിലേക്ക്. മരണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് സൂചന. ആശയക്കുഴപ്പങ്ങളും അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും വളരെ വ്യക്തവും കൃത്യവുമായ നിഗമനങ്ങളിലേക്കാണ് അന്വേഷണസംഘം നീങ്ങുന്നത്.

പഴുതടച്ചുള്ള അന്വേഷണത്തിലൂടെ മണിയുടെ മരണം സംബന്ധിച്ച എല്ലാ ദുരൂഹതയും നീക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. കേസ് മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചാല്‍പോലും കേരള പോലീസിന്റെ അന്വേഷണം പാളിച്ചകളില്ലാത്തതാണെന്നു വ്യക്തമാക്കേണ്ടതിനാല്‍ തലനാരിഴ കീറി എല്ലാ സംശയങ്ങളും ദുരീകരിച്ചുള്ള അന്വേഷണമാണു നടത്തുന്നത്.

മണിയുടെ മരണത്തില്‍ ക്രൈം നടന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പല സംഘങ്ങളായി തിരിഞ്ഞുള്ള ടീമിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുകയും നിഗമനങ്ങളിലെത്തുകയും ചെയ്തുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. മണിയുടെ ഭാര്യാപിതാവടക്കമുള്ള ബന്ധുക്കളെയും സമീപവാസികളേയും സുഹൃത്തുക്കളേയും സംശയമുള്ളവരെയുമൊക്കെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങള്‍, ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ നിഗമനത്തിലേക്കു പോലീസ് എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം സോഷ്യല്‍മീഡിയകളില്‍ മണിയുടെ മരണം സംബന്ധിച്ചു പുതിയ അഭ്യൂഹങ്ങള്‍ നിറയുന്നുണ്ട്. അന്വേഷണത്തെ ആശയക്കുഴപ്പത്തിലാക്കാനും തെറ്റായ വഴിക്കു തിരിച്ചുവിടാനുമുള്ള തന്ത്രങ്ങളാണിതെന്നു പോലീസ് കരുതുന്നു. ആരാണ് ഇതിനു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts