അനീസ് കൊട്ടുകാട്
കരുനാഗപ്പള്ളി: ഇരുപത്തിയെട്ടാം ഓണാഘോഷത്തിനു ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലത്ത് അണി നിരത്താന്‍ ഓണാട്ടുകരയിലെങ്ങും കെട്ടുകാളകള്‍ അണിഞ്ഞൊരുങ്ങുന്നു. കാഴ്ചക്കാര്‍ക്ക് വിസ്മയമേകി ഏറ്റവും ഉയരമുള്ളത് മുതല്‍ ഏറ്റവും ചെറിയ കാളകള്‍ വരെ പടനിലത്ത് ഇരുപത്തിയെട്ടാം ഓണാഘോഷത്തില്‍ വിവിധ കരക്കാര് അണിനിരത്തും. 52 കരകളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.കരക്കമ്മിറ്റികളുടേയും വിവിധ യുവജന-സാംസ്കാരിക സംഘടനകളുടേയും നേതൃത്വത്തിലാണ് കെട്ടുകാളകളെ അണിയിച്ചൊരുക്കുന്നത്.
പരബ്രഹ്മത്തിന്റെ വാഹനമായ നന്ദികേശന്റെ പ്രതിരൂപമായാണ് ഒരു ജോഡി കെട്ടുകാളയെ ആചാര പെരുമയോടും വ്രതശുദ്ധിയോടും കൂടി പടനിലത്തിലേക്ക് എഴുന്നള്ളിക്കുന്നത്. ഒരു നാടിന്റെ അധ്വാനശക്തിയും ആത്മസമര്‍പ്പണവും ആഘോഷ നിര്‍വൃതിയും കാളകെട്ടുത്സവത്തില്‍ ഒത്ത് ചേരും.ഓരോ കരക്കാരും അണിയിച്ചൊരുക്കുന്ന കെട്ടുരുപ്പടിക്ക് മുന്നില്‍ അന്നദാനം,ഭാഗവതപാരായണം,വിവിധ കലാപരിപാടികള്‍ എന്നിവ എല്ലാ ദിവസവും സംഘടിപ്പിച്ച് വരുന്നു. പ്രമുഖരുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം എടുത്താണ് കൂറ്റന്‍ കെട്ടുകാളകളെ അണിയിച്ചൊരുക്കുന്നത്.
കെട്ടുരുപ്പടിക്കാവശ്യമായി ടണ്‍കണക്കിന് കച്ചിയാണ് വേണ്ടിവരുന്നത്. ഇപ്പോള്‍ ആവശ്യത്തിന് കച്ചി വേണ്ടത്ര ലഭിക്കാതിരുന്നിട്ടും സംഘാടകര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇത്തവണ കച്ചി കൊണ്ടു വന്നത്. ഭഗവാന്റെ പ്രതീകമായ ചുവപ്പ് നിറമുള്ള നന്ദികേശ ശിരസ് ശിവനോടും വെളുത്ത നന്ദികേശ ശിരസിനെ പാര്‍വ്വതി ദേവീയോടും സങ്കല്പിച്ചാണ് കെട്ടുകാളകളെ ഒരുക്കുന്നത്. ഏറെ ആഘോഷത്തോടെ കെട്ടുകാളയില് നന്ദികേശ ശിരസ് വച്ച് പിടിപ്പിക്കുന്നത്.തുടര്‍ന്ന് നെറ്റിപട്ടവും തിടമ്പും മണിയും കെട്ടിയലങ്കരിക്കും. സമൂഹസദ്യ,ദീപാരാധന,വെടിക്കെട്ട്,കലാസന്ധ്യ എന്നിവയോടെ ദിവസങ്ങളോളം നീണ്ട് നിന്ന കാളമൂട്ടിലെ പരിപാടികള്‍ പര്യവസാനിക്കുന്നത് .
വിജയദശ്മി ദിനമായ പതിനൊന്നിന് രാവിലെയോടെ പടനിലത്തേക്കു കെട്ടുകാളകള്‍ കൊണ്ടുപോകും.വാദ്യമേളം,ശിങ്കാരി മേളം, നിശ്ചല ദൃശ്യങ്ങള്‍, എന്നിവ അകമ്പടി ഉണ്ടാകും. കഴിഞ്ഞ ഏതാനം ആഴ്ചകളായി വിവിധ കരകളില്‍ ഇരുപത്തിയെട്ടാം ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. ഉയരത്തിന്റെ കാര്യത്തില്‍ മാമ്പറക്കന്ന യുവജന സമിതിയുടെ 55 അടി ഉയരമുള്ള കെട്ടുകാളയായ ഓണാട്ടുകതിരവന് ഉയരത്തിന്റെ കാര്യത്തില്‍ മുന്നിലാണ്.ചങ്ങന്‍കുളങ്ങര പരബ്രഹ്മ കാള കെട്ടു സമിതിയുടെ കെട്ടുകാളയും ഉയരത്തില്‍ ഇവര്‍ക്ക്് തൊട്ടു പിന്നിലുണ്ടു.
ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കാളകെട്ടു സമിതികള്‍ കെട്ടുരുപ്പടികള്‍ അണിയിച്ചൊരുക്കുന്നത്. കാളകള്‍ കടന്നുപോകുന്ന വഴികളിലെ വൈദ്യുതി ലൈനുകള്‍ അഴിച്ച് മാറ്റിയാണ് ഇവയ്ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കുന്നത്. ആയിരങ്ങള്‍ എത്തുന്ന ഇരുപത്തിയെട്ടാം ഓണം ആഘോഷത്തിനു എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. മാവേലിക്കര,കാര്‍ത്തികപ്പള്ളി,മാവേലിക്കര താലൂക്കുകളില്‍ നിന്നുള്ള കൈക്കുമ്പിളില്‍ എടുക്കാവുന്നതുമുതല് അംബരചുംബികളായ 150 ലധികം കെട്ടുരുപ്പടികള്‍ വരെ എത്തുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി.