പാലക്കാട്: അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് ദുരിതജീവിതം നയിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയുടെ പ്രകാശംപരത്തി എം.എ പ്ലൈ ഫൗണ്ടേഷന് സ്നേഹയാത്ര. അവരുടെ ഗൃഹങ്ങളില്‍ നേരിട്ടെത്തി ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ നല്കിയ ഓണസമ്മാനം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. തനിച്ച് എഴുന്നേറ്റ് നില്ക്കാന്പോലും സാധിക്കാതെ ആരുടെയൊക്കെയോ നന്മകൊണ്ട് മാത്രം ജീവിതം തള്ളിനീക്കി നിത്യകിടപ്പിലായവര്ക്ക് ഫൗണ്ടേഷന് പ്രവര്‍ത്തകരുടെ സ്നേഹസന്ദര്‍ശനം പുതുജീവന്‍ നല്കി.
വിങ്ങുന്ന മനസോടെ വീടിനും ഭര്‍ത്താവിനും കാവലിരിക്കുന്ന വീട്ടമ്മമാര്‍ക്കും മക്കള്‍ക്കും ഓണക്കോടിയോടൊപ്പം ഓരോ വീട്ടിലേക്കും വേണ്ട സാധനങ്ങള്‍ പ്രത്യേകം ചോദിച്ചറിഞ്ഞ് എത്തിച്ചു നല്കിയ ഫൗണ്ടേഷന്റെ കാരുണ്യത്തിനു മുന്നില്‍ എല്ലാവരും മനസു നമിച്ചു.പുതുവസ്ത്രങ്ങളും, പലവ്യഞ്ജന കിറ്റും വീട്ടുപകരണങ്ങളും, വാട്ടര്‍ കുഷ്യന്, ടോയ്ലറ്റ് ചെയര്‍, ബള്‍ബ്, അരി തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ ഓണസമ്മാനമായി യാത്രാസംഘം തളര്‍ന്നു കിടക്കുന്നവരുടെ വീടുകളില്‍ എത്തിച്ചു.സ്നേഹയാത്ര ടൗണ്‍ നോര്‍ത്ത് സിഐ സണ്ണി ചാക്കോ ഫഌഗ്ഓഫ് ചെയ്തു.
മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ ജാഫര്‍ തയ്യില്‍, ഫൗണ്ടേഷന് ഡയറക്ടര്‍ന്മാരായ നിഖില്‍ കൊടിയത്തൂര്‍, എ.നസീര്‍, എസ്.ശ്രീനിവാസന്, മണികണ്ഠന് നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യാത്രാസംഘത്തെ അനുമോദിക്കാന്‍ അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്ന തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാറിന്റെ സാന്നിധ്യം ശ്രദ്ധേയമായി. കാരുണ്യം വെറും വാക്കല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച് ഫൗണ്ടേഷന് അംഗങ്ങള്‍ സമൂഹത്തിനു മുന്നില്‍ ഈ പൊന്നോണത്തിന് പുതിയ സേവന സന്ദേശം പകരുകയാണ്.