തലയോലപ്പറമ്പ്: ആശുപത്രി ജീവനക്കാരി സുകന്യയുടെ കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത് അതീവ രഹസ്യമായി. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഇന്നലെ പ്രതി സൂരജിന്റെ പൊതിയിലുള്ള വീടിന്റെ സമീപ പ്രദേശങ്ങളില്‍ പ്രതിയെ കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പുനടത്തി.
ഇന്നോ നാളെയോ ആയിട്ട് പ്രതി സൂരജിനെ കൊലനടത്തിയ പൊതിയിലെ പാറമടയിലെത്തി കൊല്ലപ്പെട്ട സുകന്യയുടെ ഡമ്മി പാറമടയിലിട്ട് പരിശോധന നടത്തുമെന്നാണ് അറിവ്. ഇതോടെ കേസിനു പുതിയ വഴിത്തിരുവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പോലീസും.
ഒറ്റയ്ക്ക് കൊലനടത്താന്‍ പ്രതിയ്ക്കാകുമോ എന്ന നാട്ടുകാരുടെയും പോലീസിന്റെയും സംശയത്തിന് ഇതോടെ വിരാമമാകും. കഴിഞ്ഞ ദിവസം കള്ളനോട്ടുകേസില്‍ പിടിയിലായ വൈക്കം പള്ളിപ്രത്തുശേരി ചെട്ടിയംവീട്ടില്‍ അനീഷ്(38), വടയാര്‍ ആമ്പക്കേരില്‍ ഷിജു(40) എന്നീ സംഘാംഗങ്ങളുമായി പ്രതി സൂരജിന് ബന്ധമുള്ളതായി പറയുന്നു.
ഷിജുവിന്റെ വാഹനത്തിലാണ് കൊലനടത്തുന്നതിന് മുമ്പ് സൂരജ് സുകന്യയുമായി മണിക്കൂറുകളോളം കറങ്ങി നടന്നത്. ഇതിന്റെ പേരില്‍ തലയോലപ്പറമ്പ് പോലീസിന്റെ നിരീക്ഷണത്തിലിരിക്കുന്നതിനിടയിലാണ് കള്ളനോട്ടുകേസിന്‍ ഇയാളെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. റിമാന്റിലിരിക്കുന്ന ഷിജുവിനെക്കൂടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതില്‍നിന്നും കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം നീളുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.