എല്ലാം ദൈവ നിശ്ചയം: ഗോകുല്‍ സുരേഷ്

gOKULപ്രദീപ് ഗോപി

നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. അച്ഛന്റെ രാജ്യസഭാ പ്രവേശനത്തിനു തൊട്ടുപിന്നാലെ മകന്റെ സിനിമാ പ്രവേശനവും. നവാഗതനായ വിപിന്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഒരു കോളജ് പ്രണയകഥ പറയുന്ന ചിത്രത്തില്‍ നടന്‍ വിജയകുമാറിന്റെ മകള്‍  അര്‍ഥന ബിനുവാണു നായിക. മലയാസിനിമയിലിപ്പോള്‍ താരപുത്രന്മാരുടെ കാലമാണ്. അവരുടെ ഇടയിലേക്കാണു ഗോകുല്‍ കൂടി എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തമായ വാക്കാണു മുദ്ദുഗൗ.

ചുംബനം എന്നാണ് മുദ്ദുഗൗ എന്ന വാക്കിന് അര്‍ഥം. ചിത്രത്തിന്റെ പേരു പോലെ തന്നെ ഒരു ചുംബനവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. കോളജ് വിദ്യാര്‍ഥിയായെത്തുന്ന ഗോകുലിന്റെ ജോഡിയായി അര്‍ഥന വരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്നാണു മുദ്ദുഗൗ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ വില്ലനായും വിജയ് ബാബു എത്തുന്നുണ്ട്.  അച്ഛന്റെ പേരും പ്രശസ്തിയും നല്‍കുന്ന ആനുകൂല്യങ്ങളേക്കാള്‍ തന്നിലെ അഭിനേതാവിനു ലഭിക്കുന്ന കൈയടികള്‍ക്കാണ് പ്രഥമ പരിഗണനയെന്നു ഗോകുല്‍ പറയുന്നു. ബംഗളൂരുവില്‍ കോളജില്‍ പഠിക്കുന്നതിനിടെയാണ് ഗോകുല്‍ സിനിമയില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയത്. ഗോകുലിന്റെ വിശേഷങ്ങളിലേക്ക്…

* സിനിമാപ്രവേശം

നടനും നിര്‍മാതാവുമായ വിജയ് ബാബുച്ചേട്ടനാണ് ഈ തിരക്കഥ വന്നപ്പോള്‍ എന്നെക്കുറിച്ച് ഓര്‍ത്തത്. സംവിധായകന്‍ വിപിന്‍ ദാസിനോട് ഇങ്ങനെ ഒരാളുണ്ട് നോക്കണോ എന്ന് ചോദിച്ചു. അങ്ങനെ അവര്‍ അച്ഛനോട് കഥ പറഞ്ഞു. ഞാനപ്പോള്‍ ബംഗളൂരുവില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഥ അച്ഛന് ഇഷ്ടപ്പെട്ടു കാണണം എന്നെ വിളിച്ചു, കഥ കേള്‍ക്കാന്‍ പറഞ്ഞു, താല്‍പ്പര്യമുണ്ടെങ്കില്‍ തീരുമാനമെടുക്കാനും പറഞ്ഞു. അച്ഛന്‍ ആദ്യമായാണ് ഇങ്ങനെയൊരു കാര്യം എന്നോട് പറയുന്നത്. പിന്നീടു ഞാന്‍ അവധിക്കു നാട്ടില്‍ വന്നപ്പോള്‍ കഥ കേട്ടു, ഇഷ്ടപ്പെട്ടു. അങ്ങനെ സിനിമ ചെയ്യാന്‍ തീരുമാനി—ക്കുകയായിരുന്നു.

* സിനിമ ഒരു പാഷന്‍

സിനിമ എനിക്കൊരു പാഷനായിരുന്നു. എങ്കിലും ഇത്ര പെട്ടെന്ന് അതു നടക്കുമെന്നു കരുതിയില്ല. ദൈവാനുഗ്രഹം കൊണ്ടു നടന്നു. സിനിമയില്‍ എത്തിയത് ഒരു സെലിബ്രിറ്റി ആകാനോ ഒരു സ്റ്റാറാകാനോ ഒന്നുമല്ല. അഭിനയം എന്ന പ്രഫഷനോടുള്ള പാഷന്‍ ഒന്നുകൊണ്ടു മാത്രമാണ് ഇവിടെയത്തിയത്. അങ്ങനെയൊക്കെ ആകുന്നെങ്കില്‍ ആകട്ടെ. കര്‍മത്തില്‍ ഒരുപാടു വിശ്വസിക്കുന്നയാളാണു ഞാന്‍.

* ആദ്യ സിനിമാഭിനയ അനുഭവം

gOKUL1സത്യം പറഞ്ഞാന്‍ അച്ഛന്‍ അഭിനയിച്ച സിനിമകളുടെ സെറ്റിലൊന്നും ഞാന്‍ പോയിട്ടില്ല. ഞാന്‍ പോയ ആദ്യ സനിമാ ലൊക്കേഷന്‍ ഞാന്‍ അഭിനയിച്ച മുദ്ദുഗൗ ആണ്. ഒപുപാട് പുതിയ കാഴ്ചകളും പുതിയ അനുഭവവുമായിരുന്നു അവിടെ. ഒരു ഷോട്ടെടുക്കാന്‍ ലൈറ്റ് സെറ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളെല്ലാം ഞാന്‍ അദ്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. കാമറയ്ക്കു മുന്നില്‍ അഭിനയിക്കുന്നതു മാത്രമല്ല, അതിനായി സെറ്റിലുള്ള ഓരോരുത്തരുമെടുക്കുന്ന ജോലികളും അവരുടെ കഷ്ടപ്പാടുകളും വളരെ അതിശയത്തോടെയാണു ഞാന്‍ കണ്ടത്. എല്ലാമെനിക്കൊരു പുതിയ എക്‌സിപീരിയന്‍സായിരുന്നു.

* സ്കൂള്‍ കാലയളവില്‍ തെരുവ് നാടകാഭിനയം

സ്കൂളില്‍ പഠിക്കുന്ന കാലത്ത് തെരുവുനാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അരുന്ധതി റോയിയുടെ അമ്മ മേരി റോയിയുടെ കോട്ടയത്തുള്ള പള്ളിക്കൂടത്തിലാണു ഞാന്‍ പഠിച്ചത്. സ്കൂളിലെ കോ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ അവിടെ സ്ട്രീറ്റ് തിയറ്റര്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ജോസഫ് ആന്റണി എന്ന സാറാണ് ഞങ്ങളെ തെരുവുനാടകം പഠിപ്പിച്ചത്.  പ്രഫഷണലായല്ല, അമച്വറായി അങ്ങനെ തെരുവുനാടകങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ തെരുവ് നാടക അനുഭവങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതിനു സഹായകമായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്.

* 22കാരന്‍ സുരേഷ് ഗോപി

22കാരനായ സുരേഷ് ഗോപിയെന്നാണു സെറ്റില്‍ എന്നെ സംവിധായകന്‍ വിപിന്‍ദാസിനു ഫീല്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം അങ്ങനെ പറയാന്‍ കാരണമെന്താണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാവാം. അച്ഛന്റെ ചില മാനറിസങ്ങള്‍ എന്നില്‍ ഉള്ളതു കൊണ്ടാവാം അങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ അഭിപ്രായത്തെക്കുറിച്ചു വിശദമായി പറയാന്‍ എനിക്കാവില്ല.

* അച്ഛന്‍ ലൊക്കേഷനില്‍ വന്നതേയില്ല

മുദ്ദുഗൗ എന്ന സിനിമയുടെ കഥ ആദ്യം കേട്ടത് അച്ഛനാണ് എന്നതല്ലാതെ പിന്നീട് സിനിമയുടെ ലൊക്കേഷനില്‍ വരികയോ സിനിമയുടെ ഒരുകാര്യത്തിലും ഇടപെടുകയോ ചെയ്തിട്ടില്ല. ഈ സിനിമ എന്റെ ഇഷ്ടത്തിനു വിട്ടുതരികയായിരുന്നു. ലൊക്കേഷനില്‍ വന്നാല്‍ എന്റെ ശ്രദ്ധ വിട്ടുപോകാനിടയുണ്ട് എന്നൊക്കെ കരുതിയാകും വരാതിരുന്നത്. എന്നെ ടെന്‍ഷന്‍ അടിപ്പിക്കേണ്ട എന്നും കരുതിയിരിക്കണം. ഇതെന്നെ പ്രോത്സാഹിപ്പിക്കുവാന്‍ തന്നെയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ലൊക്കേഷനില്‍ അച്ഛന്‍ വരാതിരുന്നതിനെ വളരെ പോസിറ്റീവ് ആയി മാത്രമാണ് ഞാന്‍ കാണുന്നത്. അച്ഛനും അതു തന്നെയാണ് ഉദ്ദേശിച്ചത്. അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ സ്വതന്ത്രമായിരിക്കണം എന്ന ആഗ്രഹമുള്ളതിനാലാകും അച്ഛന്‍ അങ്ങനെ ചെയ്തത്.

* ഒരൊറ്റ കീറു വച്ചുതന്നാലുണ്ടല്ലോ…

അച്ഛന്റെ ആഘോഷിക്കപ്പെട്ട സിനിമകളുടെ സ്വഭാവത്തിലുള്ള സിനിമയല്ല മുദ്ദുഗൗ. ഇതൊരു പക്കാ എന്റര്‍ടെയിനറാണ്. എന്നെക്കൊണ്ട് അച്ഛന്റെ ചില ഡയലോഗുകള്‍ ഈ സിനിമയില്‍ അനുകരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം സ്ക്രിപ്റ്റില്‍ ഉള്ളതാണ്. അവര്‍ പറഞ്ഞതു ചെയ്തു നോക്കി. അതു വര്‍ക്കൗട്ടാവുന്നുണ്ട് എന്നു ഡയറക്ടര്‍ക്കും മറ്റ് അണിയറക്കാര്‍ ക്കും തോന്നി. ഐ എന്ന തമിഴ് സിനിമയിലെ അച്ഛന്റെ ഡയലോഗായ അതുക്കും മേലെ…, ലേലം എന്ന സിനിമയിലെ ഒരൊറ്റ കീറു വച്ചുതന്നാലുണ്ടല്ലോ… ഡയലോഗൊക്കെ അങ്ങനെയങ്ങു വച്ചുകാച്ചി. അച്ഛന്റെ ഹിറ്റ് ഡയലോഗുകളും ശൈലിയുമൊക്കെ ഈ സിനിമയില്‍ വരുന്നത് അച്ഛന്‍ ആ സിനിമയില്‍ ചെയ്ത അതേ അന്തരീക്ഷത്തില്‍ ഒന്നുമല്ല. അഭിനയത്തില്‍ ഞാന്‍ അച്ഛനെ ഒരിടത്തും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല.

* യോഗ്യതയുണ്ടെങ്കില്‍ സിനിമയില്‍ നിലനില്‍ക്കും

~~ഒരുപാട് ഇഷ്ടമാണ് ഈ ഫീല്‍ഡ്. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒരുപാടുണ്ട്. സിനിമയോട് വലിയ പാഷനുള്ള ആളുമാണ് ഞാന്‍. എല്ലാം ദൈവത്തിന്റെ നിശ്ചയം പോലെ, ഇവിടെ സിനിമയില്‍ നില്‍ക്കാന്‍ യോഗ്യതയുള്ള ആളാണ് ഞാനെങ്കില്‍ നില്‍ക്കും. അല്ലെങ്കില്‍ ഔട്ടാകും. സിനിമയിലൂടെ ലഭിച്ച നേട്ടംകൊണ്ട് ചോറുണ്ട് വളര്‍ന്നയാളാണ് ഞാന്‍. സ്വപ്‌നങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ പ്രയത്‌നിക്കും എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ. എല്ലാവരും ഗോകുല്‍ ഗംഭീരമായിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അത് എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാണോ എന്നൊന്നും അറിയില്ല. ഇനിയും നന്നാക്കാനുണ്ട്, കുറേക്കൂടി പഠിക്കാനുണ്ട് എന്നാണ് എനിക്ക് തോന്നി യിട്ടുള്ളത്. അതിനു
വേണ്ടി പരിശ്ര മിക്കും.

* അച്ഛന്റെ രാജ്യസഭാ പ്രവേശം

രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായി സംസാരിക്കാന്‍ എനിക്കറിയില്ല.

* ഗോകുലിന്‍െ രാഷ്ട്രീയം

എനിക്കു രാഷ്ട്രീയത്തില്‍ ഒട്ടും താത്പര്യമില്ല. അച്ഛന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചു സംസാരിക്കാനും എനിക്കറിയില്ല. രാഷ്്ട്രീയത്തെക്കുറിച്ച് കാര്യമായ അറിവെനിക്കില്ല. അതുകൊണ്ടു തന്നെ അച്ഛന്‍ എംപിയായത് എന്നെ സന്തോഷിപ്പിച്ചോ എന്നറിയില്ല. ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ പറഞ്ഞു, എല്ലാവര്‍ക്കുമൊപ്പം പോയി. രാഷ്്ട്രീയമായുള്ള ബന്ധം ഇത്രയേയുള്ളു.
 
* സഹോദരങ്ങളും സിനിമയില്‍

എന്റെ കാര്യമെടുത്താല്‍ പോലും അച്ഛനൊരിക്കലും ഇന്നതുപോലെ ചെയ്യണമെന്നും ഇന്നതു ചെയ്യരുതെന്നും എന്നോടു പറഞ്ഞിട്ടില്ല. ഞാന്‍ സിനിമയി ലെത്തിയതു ദൈവനിശ്ചയം പോലെ കരുതുന്നു. അതേപോലെ അവര്‍ക്കും വന്നാല്‍ വരട്ടെ. അവരുടേതായ വഴി അവര്‍ തെരഞ്ഞെടുക്കട്ടെ.

* അച്ഛനൊപ്പം ഒരു സിനിമ

എന്നെങ്കിലുമൊരിക്കല്‍ അച്ഛനുകൂടി അങ്ങനെ തോന്നുകയാണെങ്കില്‍ ചെയ്യാമെന്നു വിചാരിക്കുന്നു. അതു നല്ലതാകുമോയെന്നു പ്രേക്ഷകരാണു തീരുമാനിക്കേണ്ടത്.

Related posts