ഒന്നില്‍ തൂങ്ങി ബ്ലാസ്‌റ്റേഴ്‌സ്

sp-blastersപൂന: മൂന്നാം മിനിറ്റില്‍ നേടിയ ഗോളില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് പൂന സിറ്റിക്കെതിരേ സമനില. പൂനയുടെ തട്ടകമായ ബാലവാഡി ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന പോരാട്ടത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. മൂന്നാം മിനിറ്റില്‍ സെന്റര്‍ ബാക് സെഡ്രിക് ഹെങ്ബാര്‍ട്ടിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മാലിയില്‍ നിന്നുള്ള മധ്യനിരക്കാരന്‍ മുഹമ്മദ് സിസോക്കോയിലൂടെ പൂന ഗോള്‍ മടക്കി. ഈ സമനിലയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പൂന സിറ്റി നാലു പോയിന്റുമായി ഏഴാം സ്ഥാനത്തും തുടര്‍ന്നു.

ആരോണ്‍ ഹ്യൂസ് നയിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ 4–4–1–1 ശൈലിയിലും സിസോക്കോയുടെ നായകപദവിയില്‍ പൂനെ സിറ്റി 4–2–3–1 എന്ന ശൈലിയിലും തന്ത്രങ്ങള്‍ മെനഞ്ഞു. പൂന സിറ്റി ഇന്നലെ അഞ്ച് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെല്‍ഫോര്‍ട്ടിനു പകരം ആദ്യ ഇലവനില്‍ ഡങ്കന്‍സ് നാസനെ ഇറക്കി.

മൂന്നാം മിനിറ്റില്‍ നാസന്റെ ഇടതുവിംഗിലൂടെയുള്ള നീക്കം കേരള ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായ കോര്‍ണര്‍ ഒരുക്കി. കിക്കെടുത്ത ഹോസുവില്‍ നിന്നും അസ്രാക്ക് മെഹ്മത്തിലേക്ക്. ഗോള്‍വലയം ലക്ഷ്യമാക്കിയുള്ള മെഹ്്മത്തിന്റെ ഷോട്ട് പൂനയുടെ നാാരായണന്‍ ദാസിന്റെ കാലില്‍ തട്ടി തിരിച്ചുവന്നു. ഓടിയെത്തിയ സെഡ്രിക് ഹെങ്ബാര്‍ട്ട് ഇടംകാലന്‍ അടിയിലൂടെ നിറയൊഴിച്ചു. ഈ സീസണിലെ ഏറ്റവും വേഗമേറിയ ഗോളും ഇതിലൂടെ ഹെങ്ബാര്‍ട്ട് തന്റെ പേരില്‍ കുറിച്ചു.

15–ാം മിനിറ്റില്‍ പൂനയുടെ ത്രോ ഇന്‍ സെറ്റ്പീസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. രാഹുല്‍ ബെക്കെയുടെ ത്രോ ഇന്‍, സിസോക്കോ ഹെഡറിലൂടെ മറിച്ചു കൊടുത്തു. പന്ത് നിലം തൊടുന്നതിനു മുന്‍പ് ടാറ്റോയുടെ ഫുള്‍ വോളി. പോസ്റ്റിനെ തൊട്ടു തൊട്ടില്ല എന്ന കണക്കെ പന്ത് പുറത്തേക്ക്. പൂനയുടെ ഉയരക്കാരായ സിസോക്കെയെയും ടുണീഷ്യക്കാരന്‍ ട്രാവോറയും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖത്ത് തുടരെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. 22–ാം മിനിറ്റില്‍ ട്രവോറെയുടെ മറ്റൊരു ആക്രമണത്തില്‍നിന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. ആദ്യ പതിനഞ്ചു മിനിറ്റിനു ശേഷം പൂന കളി കയ്യടക്കാന്‍ തുടങ്ങി. 41–ാം മിനിറ്റില്‍ ഇടത്തെ വിംഗില്‍ നിന്നും ടാറ്റോയുടെ ക്രോസില്‍ ട്രാവോറയുടെ ഹെഡ്ഡര്‍. ഇതും ലക്ഷ്യം തെറ്റിയത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി.

മെഹ്താബ് ഹുസൈന്റെ ലോങ് റേഞ്ചര്‍ പൂനയുടെ ക്രോസ്ബാറിനരികിലൂടെ പഞ്ഞതുമാത്രമാണ് ആദ്യ പകുതിയുടെ അവസാന 15 മിനിറ്റില്‍ ബ്ലാസ്‌റ്റേഴസിന്റെ എടുത്തു പറയാനുള്ള ശ്രമം. ആദ്യ പകുതിയില്‍ പൂനയ്ക്ക് അനുകൂലമായി മൂന്നും കേരള ബ്ലാസ്‌റ്റേഴ്‌സിനു രണ്ടും കോര്‍ണറുകള്‍ ലഭിച്ചു. പരുക്കന്‍ കളിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ മൈക്കല്‍ ചോപ്ര ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് വാങ്ങി.രണ്ടാം പകുതിയില്‍ കേരള മിഡ് ഫീല്‍ഡിനെ മറികടന്നു പൂനയുടെ ആക്രമണങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിറഞ്ഞു നിന്ന മൈക്കല്‍ ചോപ്ര ഇന്നലെ നിറം മങ്ങി.

57–ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും ഭാഗ്യം തുണച്ചു. ഗോളി സന്ദീപ് നന്ദിയിലേക്കുള്ള ഹോസുവിന്റെ മൈനസ് പാസ് ഓടി എത്തിപ്പിടിച്ച ട്രാവോറെ പന്തടിച്ചു പുറത്തേക്കുകളഞ്ഞു. 63–ാം മിനിറ്റില്‍ ബെക്കയുടെ മനോഹരമായി ഉയര്‍ന്നുവന്ന ക്രോസില്‍ ട്രാവോറെ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. പക്ഷേ ഇതിനകം ഓഫ് സൈഡ് കൊടി ഉയര്‍ന്നതിനാല്‍ ബ്ലാസറ്റേഴ്‌സ് രക്ഷപ്പെട്ടു.

ഇതോടെ മുന്‍നിരയില്‍ നിന്നും മുഹമ്മദ് റാഫിയെ പിന്‍വലിച്ചു മിഡ് ഫീല്‍ഡര്‍ ഫറൂഖ് ചൗധരിയെ കൊണ്ടുവന്നു ബ്ലാസറ്റേഴ്‌സ് പ്രതിരോധത്തിനു ശക്തികൂട്ടി. തുടരെ സമ്മര്‍ദം ചെലുത്തിയ പൂന ഏറെ വൈകാതെ കാത്തിരുന്ന സമനില ഗോള്‍ കണ്ടെത്തി. ഫ്രീകിക്കിനെ തുടര്‍ന്നാണ് ഗോള്‍. ലൂക്കയുടെ ക്രോസില്‍ സിസോക്കോയുടെ ഷോട്ട് ആരോണ്‍ ഹ്യൂസിന്റെ കാലില്‍ തട്ടി ഡിഫ്‌ളെക്ഷനില്‍ പന്ത് വലയില്‍ (1–1). ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മാറ്റങ്ങള്‍ വരുത്തി. നാസനെയും ചോപ്രയെയും മാറ്റി. ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു.

73–ാം മിനിറ്റില്‍ പകരക്കാരന്‍ കാഡിയോയുടെ ഷോട്ടില്‍ അവസരം ഒരുങ്ങി. പൂനയുടെ കളിക്കാരന്റെ കാലില്‍ തട്ടി ബോക്‌സിനകത്തു നിന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പകരക്കാരന്‍ ഫറൂഖ് ചൗധരിയുടെ തലയിലേക്ക്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഫറൂഖ് ചൗധരിയുടെ ഹെഡ്ഡര്‍ പൂന ഗോളി ഏഡല്‍ അവസരത്തിനൊത്തുയര്‍ന്നു ഡൈവ് ചെയ്തു രക്ഷപ്പെടുത്തി. 74–ാം മിനിറ്റില്‍ രണ്ട് കളിക്കാരെ ഡ്രിബിള്‍ ചെയ്തു എടുത്ത ജെര്‍മെയ്‌ന്റെ ഷോട്ടും ലക്ഷ്യം തെറ്റി. 89–ാം മിനിറ്റില്‍ ഫറൂഖ് ചൗധരി ഡ്രിബിളിങ്ങിനു ശ്രമിച്ചതോടെ മറ്റൊരവസരവും തുലച്ചു. കളിയിലേക്കു തിരിച്ചവന്ന ബ്ലാസ്‌റ്റേഴ്‌സിനു ഇഞ്ചുറി സമയത്ത് കിട്ടിയ കോര്‍ണറും മുതലെടുക്കാന്‍ കഴിയാതെ വന്നതോടെ ഇരു ടീമുകളും 1–1നു സമനിലയില്‍ പിരിഞ്ഞു.

Related posts