പേരൂര്‍ക്കട: ഓട്ടോഡ്രൈവര്‍ കാട്ടിയ സത്യസന്ധത ഉടമയ്ക്കു തിരികെനല്‍കിയത് അരലക്ഷത്തോളം രൂപയാണ്. പെരുന്താന്നി സമാജം ലെയിന്‍ ശ്രീലകം വീട്ടില്‍ ആനന്ദകുമാറിന്റെ പണമാണ് ഓട്ടോഡ്രൈവര്‍ കണെ്ടത്തി മടക്കിനല്കിയത്. മുട്ടത്തറ അഖില്‍നിവാസില്‍ സുഭാഷ്ചന്ദ്രബോസാണ് ആ ഓട്ടോഡ്രൈവര്‍. കൈതമുക്കില്നിന്നാണ് സുഭാഷ്ചന്ദ്രബോസിന് നോട്ടുകെട്ടുകള്‍ വഴിവക്കില്‍നിന്നു ലഭിച്ചത്. ഇദ്ദേഹം ഇത് ഉടന്‍തന്നെ വഞ്ചിയൂര്‍ പോലീസ്സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. 43, 870 രൂപയാണ് സുഭാഷ്ചന്ദ്രബോസിന് വഴിവക്കില്‍നിന്നു ലഭിച്ചത്. കൈതമുക്കിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പണം നഷ്ടപ്പെടുകയായിരുന്നു. പണം നഷ്ടപ്പെട്ടതിനുശേഷം ആനന്ദകുമാര്‍ വിവരം വഞ്ചിയൂര്‍ സ്റ്റേഷനില്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പണത്തിന്റെ യഥാര്‍ഥ ഉടമ ആനന്ദകുമാറാണെന്നു കണെ്ടത്തിയത്. സുഭാഷ്ചന്ദ്രബോസിന്റെ സാന്നിധ്യത്തില്‍ എസ്ഐ സൈജുനാഥ് പണം ആനന്ദകുമാറിന് കൈമാറുകയായിരുന്നു.