സന്ദീപ് സലിം
നെയ്ത്തുകാരായ അച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ച ദ്യുതി ചന്ദ് എന്ന ഒഡീഷക്കാരി 130 കോടി ജനങ്ങളുടെ ഒളിമ്പിക് പ്രതീക്ഷയാവുന്നു. ഇന്ത്യയുടെ സുവര്‍ണ റാണി പി. ടി. ഉഷയ്ക്കു കഴിയാതെ പോയത് ദ്യുതിക്ക് കഴിയുമെന്ന് രാജ്യം സ്വപ്നം കാണുന്നു. ഒഡീഷയിലെ ജാജ്പുര് ജില്ലയിലെ ഗോപാല്‍പുര്‍ ഗ്രാമത്തിലെ ചക്രധാര്‍ ചന്ദിന്റെയും അകോജി ചന്ദിന്റെയും മകളാണ് ദ്യുതി. ട്രാക്കില്‍ പെണ്‍കരുത്തിന്റെ പ്രതീകമായി പറന്നു നടന്ന പെണ്‍കുട്ടിയുടെ അത്ലറ്റിക് കരിയറില്‍ കരിനിഴല്‍ വീണത് പെട്ടെന്നായിരുന്നു. അവളെ ചിലര്‍ ആണാക്കി. അവളുടെ നേട്ടങ്ങളില്‍ അസ്വസ്ഥരായവര്‍ അവള്‍ക്കെതിരേ പരാതികളുടെ മതിലുയര്‍ത്തി ട്രാക്കില്‍നിന്ന് പുറന്തള്ളാന്‍ ശ്രമിച്ചു. അളവില്‍ കൂടുതല്‍ പുരുഷ ഹോര്മോണുണെ്ടന്ന പേരില്‍ 2014ല്‍ ട്രാക്കില്‍ നിന്ന് പുറത്തുപോകേണ്ടി വന്നെങ്കിലും ദ്യുതി ചന്ദിന് വിലക്ക് നീങ്ങിക്കിട്ടാന്‍ കായിക തര്‍ക്കപരിഹാര കോടതി വരെ പൊരുതേണ്ടി വന്നു.
പക്ഷേ, അവളുടെ പ്രതിഭയെ ഇല്ലാതാക്കാന്‍ ആരോപണങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല. കായിക കോടതിയുടെ അനുകൂല ഉത്തരവ് വെറുതെ ആയില്ല. കുറ്റപ്പെടുത്തിയവരെയും കൂടെനിന്നവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവള് 100 മീറ്ററില്‍ ഒളിമ്പിക്സ് യോഗ്യത നേടി. 1980 മോസ്കോ ഒളിമ്പിക്സില്‍ പി. ടി. ഉഷ മത്സരിച്ചശേഷം 100 മീറ്ററിന് യോഗ്യത നേടാന്‍ ഒരിന്ത്യന്‍ താരത്തിനും കഴിഞ്ഞിരുന്നില്ല. മൂന്നര പതിറ്റാണ്ടിനു ശേഷം ഒരു ഇന്ത്യന്‍ താരം വീണ്ടും ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ ഇന്ത്യന്‍ ജഴ്സി അണിയുന്നു. ദ്യുതി ചന്ദിന്റെ പ്രകടനത്തില്‍ രാജ്യത്തിന്റെ അഭിമാനവും വാനോളമുയരുന്നു.
ഒഡീഷയിലെ ബ്രാഹ്മിണി നദിയുടെ തീരമായിരുന്നു ദ്യുതിയെന്ന പെണ്‍കുട്ടിയുടെ ആദ്യ ട്രാക്ക്. അവിടെയാണവള്‍ ഓടാന്‍ പഠിച്ചത്. പിന്നീട്, ആ ഓട്ടം സ്കൂള്‍ മീറ്റുകളിലെത്തിയപ്പോള് അവളുടെ അധ്യാപകരും വീട്ടുകാരും കൊച്ചു ദ്യുതിയുടെ പ്രതിഭ തിരിച്ചറിഞ്ഞു. പിന്നെ, മിന്നുന്ന താരമായി അവള് വളര്‍ന്നത് പെട്ടെന്നായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അവള് രാജ്യാന്തര താരമായി വളര്‍ന്നു.അഞ്ചു പെണ്മക്കളടങ്ങുന്ന കുടുംബത്തിലായിരുന്നു ദ്യുതിയുടെ ജനനം. നെയ്ത്തില്‍നിന്ന് അച്ഛനും അമ്മയ്ക്കും കിട്ടുന്ന തുച്ഛമായ വരുമാനം കുടുംബം പുലര്‍ത്താന്‍ തികയാതെ വരുന്നത് അവള് തിരിച്ചറിഞ്ഞു. മികച്ച കായികതാരമാകുന്നതിലൂടെ തന്റെ വരുമാനം കു ടും ബത്തിനു താങ്ങും തണലുമാകുമെന്ന് അവള് മനസിലാക്കി.
മികച്ച പ്രകടനങ്ങള്‍ നടത്താന്‍ തന്നെ പ്രേരിപ്പിച്ചത് ഈ ചിന്തയായിരുന്നുവെന്ന് പിന്നീട് അവള് പറഞ്ഞു. ദ്യുതിയുടെ ചേച്ചി സരസ്വതിയും അറിയപ്പെടുന്ന കായികതാരമാണ്. കടുത്ത യാഥാസ്ഥിതിക ചിന്തകള്‍ പുലര്‍ത്തിയിരുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ കായികതാരമാകുന്നത് അത്രയ്ക്കു സുഖിച്ചില്ല. അവര്‍ ദ്യുതിയോട് ഇടയ്ക്ക് ചോദിച്ചിരുന്ന ചോദ്യം ഇതായിരുന്നു. ഇങ്ങനെ ഓടിനടന്നാല് നിന്നെ കെട്ടാന്‍ ആരു വരും പെണ്ണെ എന്നായിരുന്നു. പക്ഷേ, ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കായികരംഗത്ത് വളരുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്ത പെണ്‍കുട്ടി ഈ ചോദ്യത്തെ പുച്ഛിച്ചു തള്ളി.
പിന്നീടാണ് അവള്‍ക്കെതിരേ പുരുഷനാണെന്ന ആരോപണമുയരുന്നത്. ഗ്രാമവാസികള്‍ക്ക് പറഞ്ഞു രസിക്കാനും കുത്തിനോവിക്കാനും പുതിയ വിഷയം കിട്ടി. അവഹേളനങ്ങള്‍ ഏറെ നേരിടേണ്ടി വന്നു ദ്യുതിക്കും കുടുംബത്തിനും. ഒരു ഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന ഗ്രാമം വിട്ട് പലായനം ചെയ്യുന്നതിനെക്കുറിച്ചു പോലും ദ്യുതിയും കുടുംബവും ചിന്തിച്ചു. എന്നാല്‍, അങ്ങനെ ഒളിച്ചോടുന്നതില്‍ കാര്യമില്ലെന്ന് അവള്‍ക്കു തോന്നി. കായിക താരമായ ചേച്ചി സരസ്വതിയുടെ നിലപാടും അതുതന്നെയായിരുന്നു. പക്ഷേ, നൊന്തുപെറ്റ മകളെ ജന്മനാടൊന്നാകെ ആണെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ അമ്മ അകോജി സങ്കടം താങ്ങാനാവാതെ തളര്‍ന്നു പോയി. ഇന്നലെവരെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചവര്പോലും ആരോപണ ശരങ്ങള്‍ തൊടുത്തപ്പോള്‍ ഒരു ഘട്ടത്തില്‍ മാനസിക നിലപോലും തകരാറിലാവുമെന്നു കരുതിയിരുന്നതായി ദ്യുതി പിന്നീട് പറഞ്ഞു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിനു തൊട്ടു മുമ്പാണ് ദ്യുതി ഹോര്‍മോണ്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നത്. ദ്യുതിയുടെ ശരീരത്തില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കൂടുതലാണെന്നു പറഞ്ഞായിരുന്നു വിലക്ക്. എന്നിട്ടും തളരാതെ ദ്യുതി ട്രാക്കിലേക്ക് തിരിച്ചെത്തി.
കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ ഇരട്ടസ്വര്ണവുമായാണ് തന്നെ അപമാനിച്ചവര്‍ക്ക് അവള് മറുപടി നല്‍കിയത്. പിന്നീട്, കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹിയില്‍ നടന്ന ഫെഡറേഷന് കപ്പില്‍ സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിന് ദ്യുതിക്ക് ഒളിമ്പിക് യോഗ്യത നഷ്ടപ്പെട്ടു. പക്ഷേ, അന്ന് അവള് 16 വര്‍ഷമായി തകരാതെയിരുന്ന ദേശീയ റിക്കാര്‍ഡ് തകര്‍ത്തിരുന്നു. പക്ഷേ, തായ്വാനില് നടന്ന അത്ലറ്റിക് മീറ്റില്‍ അത് 11.50 സെക്കന്‍ഡായി.
പിന്നീട്, ദ്യുതിക്ക് യോഗ്യത നേടാന്‍ അവസരമുണ്ടായിരുന്നത് കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന ജി. കൊസനോവ് രാജ്യാന്തര മീറ്റിലായിരുന്നു. അവിടെ ദ്യുതി 11.32 എന്ന ഒളിമ്പിക്സ് യോഗ്യതമാര്‍ക്ക് കടക്കുമോയെന്നതായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. ഒളിമ്പിക്സ് യോഗ്യത നേടുമെന്ന് അന്ന് വിശ്വസിച്ചവര്‍ നന്നേ കുറവ്. അന്ന് ദ്യുതി ഫിനിഷിംഗ് ലൈന്‍ കടന്നത് 11.24 സെക്കന്‍ഡിന്. സ്വപ്ന നേട്ടം ഒപ്പം മാസങ്ങളുടെ ഇടവേളയില്‍ ദേശീയ റിക്കാര്‍ഡ് രണ്ടാം തവണ തിരുത്തുകയെന്ന അപൂര്‍വ നേട്ടവും. അന്ന് വെള്ളിമെഡലാണ് ദ്യുതിക്ക് നേടാനായത്.
കായികതാരമെന്ന നിലയില്‍ മാത്രമല്ല, പെണ്‍കുട്ടിയെന്ന നിലയിലും ഇതുവരെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെയാണ് അവള് നടന്നത്. ഫ്രേസറും ഗാര്‍ഡനറും തോംസണും അടക്കിവാഴുന്ന റിയോ ഒളിമ്പിക്സില്‍ ദ്യുതി ചന്ദ് സെമിയിലെത്തിയാലും ഇല്ലെങ്കിലും ഒന്നുറപ്പ്. കരളുറപ്പിന്റെ പെണ്‍കരുത്തായി അവള് ചരിത്രത്തില്‍ ഇടംപിടിക്കും.
ദ്യുതി ചന്ദ്
ജനനം: 1996 ഫെബ്രുവരി 3 ജന്മസ്ഥലം: ഗോപാല്‍പുര്‍, ഒഡീഷ
മികച്ച പ്രകടനം: 100 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് (11.24)
ഏഷ്യന്‍ ഗെയിസ്: 200
മീറ്ററില്‍ വെങ്കലം, 2013, പൂന.