കറന്റ് ഇനിയും ലഭിച്ചില്ല; കൊടുംചൂടില്‍ വിയര്‍ത്ത് ആംഗന്‍വാടി കുഞ്ഞുങ്ങള്‍

pkd-anganvadiശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശേരി ചാഴിയോട് ആംഗന്‍വാടിയില്‍ വൈദ്യുതി കണക്്ഷന്‍ ലഭിക്കാത്തതിനാല്‍ കൊടുംചൂടില്‍ വിയര്‍ത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ വലയുന്നു. ചൂടില്‍ കുഞ്ഞുങ്ങള്‍ വിയര്‍ത്തൊലിക്കുമ്പോള്‍ നിസഹായരായി നോക്കിനില്ക്കാനേ ടീച്ചര്‍മാര്‍ക്കു കഴിയുന്നുള്ളൂ.

രണ്ടുവര്‍ഷംമുമ്പാണ് ആംഗന്‍വാടി കെട്ടിടം പുതുക്കിപണിതത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കണക്്ഷനുവേണ്ട നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഉദ്ഘാടന സമയത്ത് കണക്്ഷന്‍ ഉടനേ ലഭ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു.

എന്നാല്‍ കറന്റില്ലാത്ത ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധിതവണ എംഎല്‍എയ്ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്കിയിട്ടും നടപടിയുണ്ടായില്ല. ആംഗന്‍വാടിയില്‍ വയറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചില രേഖകള്‍ ലഭിക്കാത്തതാണ് കണക്്ഷന്‍ നല്കാന്‍ തടസമാകുന്നതെന്നാണ് ഇലക്ട്രിസിറ്റി അധികൃതര്‍ നല്കുന്ന വിശദീകരണം. വയറിംഗ് നടത്തിയത് അംഗീകൃത വയര്‍മാന്‍ അല്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇലക്്ഷനുശേഷം പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയറിംഗ് നടത്താന്‍ തീരുമാനിച്ചതായും പ്രസിഡന്റ് പറഞ്ഞു.

Related posts