റ്റി.സി. മാത്യു
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് കാര്യങ്ങള്‍ ലളിതമായി പറയുന്ന ആളാണ്. ലളിതമായതുകൊണ്ട് അതിനു കേള്‍ക്കുന്നതിനപ്പുറം അര്‍ഥം ഉള്ളതായി തോന്നുകയില്ല. എന്നാല്‍, ഗൂഢാര്ഥങ്ങള് ഉള്ളവയാണു ചെന്നൈയില്‍ ജനിച്ചു ഡല്‍ഹിയിലും അഹമ്മദാബാദിലും ഓക്സ്ഫഡിലും പഠിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍.
500 രൂപ, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: കണക്കില്‍പെടാത്ത സമ്പത്ത് സ്വകാര്യമേഖലയില്‍നിന്നു സര്‍ക്കാരിലേക്കും പൊതുമേഖലയിലേക്കും മാറ്റുന്നതാണ് ഇത്. എത്രലളിതം? ഒപ്പം എത്ര സുന്ദരം?
കറന്‍സി ഭാരമായി
പക്ഷേ, അതിനപ്പുറവും ഉണ്ട്. അത് അദ്ദേഹം പറയാതെ പറഞ്ഞു. കറന്‍സി റദ്ദാക്കിയപ്പോള്‍ കറന്‍സിയായി കള്ളപ്പണം കൈയില്‍ ഉള്ളവര്‍ക്കു വലിയ നഷ്ടം വരുന്നു. അതായതു കൈയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് ഉള്ളവര്‍ അല്പം വിഷമിക്കേണ്ടിവരും. അവര്‍ അതു മാറ്റി പുതിയതു വാങ്ങണം. അതില്‍ വ്യാജനോട്ട് ഉണ്ടെങ്കില്‍ നഷ്ടം വരും. ഈ സ്കീം വന്നില്ലെങ്കിലും അങ്ങനെ തന്നെ സംഭവിക്കും. ഏതെങ്കിലും കൈമാറ്റത്താല്‍ കള്ളനോട്ട് പിടിക്കപ്പെടും; തീര്‍ച്ച.
ബാങ്കില്‍ കിടക്കുന്ന ഒരു നിക്ഷേപത്തെപ്പറ്റിയും ആശങ്കവേണ്ട. അതു നൂറുശതമാനം ഭദ്രം തന്നെ. ഈ ദിവസങ്ങളില്‍ പിന്‍വലിക്കുന്നതിനു ചില നിയന്ത്രണങ്ങളും തടസങ്ങളും ഉണ്ടെന്നു മാത്രം. അതു താമസിയാതെ തീരും.
പക്ഷേ, ബാങ്കിംഗിനും കറന്‍സി നോട്ടിനുമപ്പുറം സാധാരണക്കാരന്റെ ആസ്തികള്‍ ഉണ്ട്, അവയുടെ മൂല്യമിടിയും. അതാണ് ആ വിദഗ്ധന്‍ പറയാത്തത്.
സ്രോതസ് ഉണ്ടോ?
കൈയിലുള്ള കറന്‍സിക്കു സ്രോതസ് കാണിക്കാന്‍ പറ്റാത്തപ്പോഴാണു പ്രഥമ പ്രശ്നം. ഒട്ടേറെപ്പേര്‍ വിഷമിക്കുന്നത് അവിടെയാണ്. ബാങ്കിംഗിന്റെ അപര്യാപ്തത മൂലവും നിയമം പാലിക്കുന്നതിലെ നഷ്ടം മൂലവും നിയമവഴി വിട്ടു പണം സൂക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ടവര്‍ ഉണ്ട്. വസ്തു വില്പനയിലും മറ്റും മുഴുവന്‍ തുക ആധാരത്തില്‍ എഴുതുന്നവര്‍ കുറവാണ്. അങ്ങനെ ചെയ്താല്‍ ഭീമമായ തുക മുദ്രപത്രവിലയും രജിസ്ട്രേഷന് ഫീസുമായി നല്‍കണം. അതു ലാഭിക്കാന്‍ ഇടപാടിന്റെ വലിയ ഭാഗം തുക രേഖപ്പെടുത്തില്ല. അങ്ങനെ വരുന്ന തുകയൊക്കെ മാറ്റിയെടുക്കാന്‍ കഷ്ടപ്പെടേണ്ടിവരും. പ
പരമ്പരാഗതമായ പല സൂത്രവിദ്യകളും ഇപ്പോള്‍ പ്രയോഗിക്കാന്‍ പറ്റില്ല. പലര് വഴി നിക്ഷേപിച്ചും മറ്റും പണം വെളുപ്പിച്ച് എടുക്കുന്ന പണി പറ്റില്ല. ഒരു മാര്‍ഗമേ ഗവണ്മെന്റ് നിര്‍ദേശിക്കുന്നുള്ളൂ. പണം ബാങ്കില്‍ അടച്ചിട്ട്, നികുതിയും പിഴയും ഒടുക്കുക.
90 ശതമാനം സര്‍ക്കാരിന്
അങ്ങനെ ചെയ്യാമെന്നു വച്ചാലോ? നല്ല ശിക്ഷ കിട്ടും. പത്തുലക്ഷം രൂപ ഇപ്രകാരം കൈയില്‍ ഉണ്ടെങ്കില്‍ അതിനു സ്രോതസ് കാണിക്കാനില്ലെങ്കില്‍ നികുതിയും പിഴയും നല്‍കണം. തുക അഞ്ചുലക്ഷത്തിനു മുകളിലായതിനാല്‍ 30 ശതമാനം സ്ലാബിലാകും നികുതി. 30 ശതമാനം നികുതിക്കു പുറമേ അതിന്റെ ഇരട്ടി പിഴ. 30 ശതമാനം + 60 ശതമാനം = 90 ശതമാനം. വെളിപ്പെടുത്തുന്ന പണത്തിന്റെ 90 ശതമാനത്തോളം സര്‍ക്കാരിന്. (നികുതി നിര്‍ണയത്തിലുള്ള ചില കിഴിവുകളും സെസുകളും സര്‍ചാര്‍ജുകളും ഇതില്‍ പരിഗണിച്ചിട്ടില്ല.)
90 ശതമാനവും സര്‍ക്കാരിനു നല്‍കിയാലേ നികുതിലാഭത്തിനു വേണ്ടി കണക്കില്‍ പെടാതെ തുക സൂക്ഷിച്ചതു നിയമാനുസൃതമാക്കാന്‍ പറ്റൂ. ഇതിലെന്താ തെറ്റ്, നിയമം പാലിക്കാഞ്ഞിട്ടല്ലേ എന്നു ചോദിക്കാം. പക്ഷേ, വസ്തു ഇടപാടുകള്‍ നടത്തുന്നവരുടെ സാഹചര്യം മനസിലാക്കാതെയുള്ള ചോദ്യമാകും അത്.
ആര്‍ക്കു നഷ്ടം?
അതവിടെ നില്ക്കട്ടെ. നമുക്കു വിശാല ചിത്രം നോക്കാം. വലിയ കള്ളപ്പണക്കാര്‍, കൈക്കൂലി വരുമാനക്കാര്‍, വിദേശത്തുനിന്നു കിട്ടിയ പണം കൈവശമുള്ളവര്‍, ഭീകരര്‍, ചാരപ്രവര്‍ത്തകര്‍-ഇവര്‍ക്കൊക്കെ എതിരെയാണല്ലോ നടപടി.
അവര്‍ക്കെന്തു പറ്റുന്നു?
ചാരനും ഭീകരനും പ്രശ്നമില്ല. അവരെ വിട്ടവര്‍ വേറേ പണം എത്തിച്ചു നല്‍കും.
വിദേശത്തുനിന്നു പണം കിട്ടിയവര്‍ക്കു സ്വന്തമായി നഷ്ടമില്ല. പണം കൊടുത്തവര്‍ക്ക് അതൊരു നഷ്ടമായി തോന്നുകയുമില്ല. കൈക്കൂലി വാങ്ങിക്കൂട്ടിയവര്‍ അതു നേരത്തേതന്നെ വീടും കാറും സ്വര്‍ണവുമായി മാറ്റിയിട്ടുണ്ടാകും. അഥവാ കുറച്ചു നോട്ടായി ഇരിപ്പുണ്ടെങ്കില്‍ അതു പോയാലും വലിയ നഷ്ടമില്ല. വിയര്‍പ്പൊഴുക്കി കിട്ടിയതല്ലല്ലോ.
വലിയ കള്ളപ്പണക്കാരുടെ കാര്യത്തില്‍ വലിയ ഖേദം ഒട്ടും വേണ്ട. അവരുടെ സ്വത്തില്‍ വലിയ ഭാഗം സ്വര്‍ണം, ഭൂമി, കെട്ടിടം എന്നിവയിലോ വിദേശ ബാങ്കുകളിലോ ആയിരിക്കും. ചെറിയൊരു ഭാഗമേ കറന്‍സി ഉണ്ടാകൂ. മുംബൈയില്‍ കറന്‍സി റദ്ദാക്കല്‍ പ്രഖ്യാപനമുണ്ടായ രാത്രി സ്വര്‍ണക്കടകള്‍ പാതിരാവരെ തുറന്നിരുന്നു- ഇത്തരക്കാരുടെ പണം വാങ്ങി സ്വര്‍ണം നല്കാന്. ഇനിയിപ്പോള്‍ ആ തുകയത്രയും ദീപാവലി വ്യാപാരമാണെന്നു പറഞ്ഞു കണക്കില്‍ കയറ്റിക്കൊള്ളും സ്വര്‍ണ വ്യാപാരികള്‍.
അപ്പോള്‍ ആര്‍ക്കാണു നഷ്ടം?
ഈ പാവപ്പെട്ട കര്ഷകന്. അയാള്‍ വസ്തു വിറ്റുകിട്ടിയ പണം സ്വന്തമാക്കണമെങ്കില്‍ 90 ശതമാനം സര്‍ക്കാരിനു നല്‍കണം. (വേറേ ശിക്ഷയൊന്നും നല്‍കില്ല എന്നു പ്രത്യാശിക്കാം). രജിസ്ട്രേഷന് വകുപ്പ് അതിനു പുറകെ എത്തിക്കോളും.
ഡോ. തോമസ് ഐസക്കും മമതാ ബാനര്‍ജിയും മുലായംസിംഗ് യാദവും രാഹുല്‍ ഗാന്ധിയും മായാവതിയുമൊക്കെ ഇതു മനസിലാക്കിയതുകൊണ്ടാണ് കറന്‍സി റദ്ദാക്കലിനെതിരേ രംഗത്തുവന്നത്.
അതു മാത്രമല്ല
അത് ഒരു വശം മാത്രം. വേറൊന്നുണ്ട്; കുറേക്കൂടി ഗൗരവമുള്ളത്. രാജ്യത്തു വലിയൊരളവ് കള്ളപ്പണം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതു യാഥാര്‍ഥ്യം. അത് ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ കള്ളപ്പണക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയും എന്നതു യാഥാര്‍ഥ്യം.
അഞ്ഞൂറു രൂപയുടെ 157 കോടി നോട്ടുകളും ആയിരം രൂപയുടെ 63.3 കോടി നോട്ടുകളുമാണു റദ്ദാക്കിയത്. ഇവയ്ക്കു പകരമുള്ളവ എത്തിച്ച് എല്ലാവരുടെയും കൈയില്‍ എത്തുമ്പോഴേക്ക് ഒരുമാസം എടുക്കും. 14 ലക്ഷം കോടി രൂപയുടെ പ്രവര്‍ത്തനം കുറേ ആഴ്ചകള്‍ ഇല്ലാതാകുന്നു. ഒരു തരം സാമ്പത്തിക അടിയന്തരാവസ്ഥ. തിരിച്ചു പണ മെത്തിയാലും പഴയ ആവേശം കുറേക്കാലത്തേക്ക് ഉണ്ടാവില്ല. അതിന്റെ പ്രത്യാഘാതം രാജ്യത്തെ ആസ്തിവിലകളില് പ്രതിഫലിക്കും. ഭൂമി, കെട്ടിടം തുടങ്ങിയവയുടെ വിലയില്‍. ആ വിലകള്‍ ഇടിയും.
വിലയിടിയുമ്പോള്‍
കുറേ ദശകങ്ങളായി ഉയര്‍ച്ചയിലായിരുന്നു ആ മേഖല. അവയുടെ വില കൂടുന്നതനുസരിച്ച് ഒട്ടേറെപ്പേര്‍ ആസ്തികള്‍ ഉയര്‍ന്ന വിലയ്ക്കു വിറ്റ് വേറേ ജീവിതമാര്ഗങ്ങള് കണ്ടെത്തി രക്ഷപ്പെട്ടു പോന്നു. കൃഷിഭൂമി വാണിജ്യഭൂമിയുടെ വിലയിലേക്കു കയറിയപ്പോള്‍ ചെറിയ തുണ്ടു വിറ്റാല്‍ പല ബാധ്യതകളും തീര്‍ത്തു വീടും പണിതു കഴിയാമെന്നു വന്നത് എത്രയോ കുടുംബങ്ങളെ രക്ഷിച്ചു?
അതിനി ഓര്‍മയാകും. കണക്കില്‍പ്പെടാത്ത പണം ഇന്ധനമാക്കി ഉയര്‍ന്നുനിന്ന വിലകള്‍ താഴും. ഉയര്‍ന്ന വിലയുള്ള ആസ്തികളില്‍ കെട്ടിപ്പടുത്ത കണക്കുകള്‍ തെറ്റും. അരവിന്ദ് സുബ്രഹ്മണ്യന് പറഞ്ഞത് സ്വകാര്യധനം സര്‍ക്കാരിലേക്കു ചെല്ലുമെന്നാണ്. അതു ശരിയാണ്. കറന്‍സിയായി കൈയിലിരുന്നവയുടെ കാര്യത്തില്‍ മാത്രം. പക്ഷേ ആസ്തി വില ഇടിയുമ്പോള്‍ സ്വകാര്യ സമ്പാദ്യം സര്‍ക്കാരിലേക്കു ചെല്ലില്ല;
സമ്പാദ്യം ആവിയായി പോകുകയാണ്. അങ്ങനെ സംഭവിച്ചു കഴിയുമ്പോള്‍ സര്‍ക്കാരിനു പിന്നെ ആ ആസ്തി ആധാരമാക്കിയുള്ള നികുതി വരുമാനമടക്കം പലതും കുറയും. ബാങ്കുകളും മറ്റും ആ ആസ്തികള്‍ക്കു വില കുറച്ചു കണക്കാക്കുമ്പോള്‍ അവയ്ക്കു കിട്ടുന്ന വായ്പ കുറയും. അതു സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കും.
ഈ കുറവുകളുടെ നഷ്ടവും കറന്‍സി പിന്‍വലിക്കലിന്റെ ചെലവില്‍ എഴുതിക്കൂട്ടിയിട്ടാണോ നരേന്ദ്ര മോദി കറന്‍സി റദ്ദാക്കാന്‍ തീരുമാനിച്ചത് എന്നേ അറിയേണ്ടൂ.