ഷൊര്‍ണൂര്‍: കല്ലേപിളര്‍ക്കുന്ന കല്പനകളെ കഴുത്തുവെട്ടിയും നടപ്പാക്കിയിരുന്ന രാജഭരണത്തിന്റെ അവശേഷിപ്പുകളിലൊന്നായ കവളപ്പാറ കൊട്ടാരവും മാളികചുവടും അടിയന്തിര ഇടപെടലുകളുണ്ടാകാത്തപക്ഷം ഈ വര്‍ഷക്കാലം അതിജീവിക്കില്ല. കാലവര്‍ഷം ശക്തമാകാനിരിക്കേ പൊയ്‌പോയ ഒരു കാലഘട്ടത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകമാണ് നാമവശേഷമാകാന്‍ പോകുന്നത്. കൊട്ടാരത്തിന്റെ നാലുകെട്ട്, ഊട്ടുപുര എന്നിവ ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞു. കൊട്ടാരത്തിന്റെ ശേഷിച്ച ഭാഗവും തകര്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങി. നാലുകെട്ടിന്റെ മച്ച്, കഴുക്കോല്‍, വാതില്‍, ജനല്‍ എന്നിവയെല്ലാം ഇതിനകം നശിച്ചുകഴിഞ്ഞു.കൊട്ടാരത്തിന്റെ അധീനതയിലുള്ള ആര്യങ്കാവ് ഭഗവതിക്ഷേത്രത്തില്‍ രണ്ടു പതിറ്റാണ്ടായി ഭക്തര്‍ സമര്‍പ്പിച്ചുവന്ന പട്ടുതുണികളും മറ്റും സൂക്ഷിച്ചുവന്നിരുന്നത് കൊട്ടാരത്തിന്റെ നാലുകെട്ടിലായിരുന്നു. തീപിടിത്തത്തില്‍ ഇവ കത്തിനശിച്ചുപോയിരുന്നു.
നോക്കിനടത്താന്‍ ആളില്ലാത്തതും സൂക്ഷിപ്പുകാര്‍ ഇല്ലാതിരിക്കുന്നതുംമൂലം സാമൂഹ്യവിരുദ്ധര്‍ ഇവിടെ തമ്പടിച്ച് അനാശാസ്യം നടത്തുന്നതും പതിവാണ്. ഇവരാണ് തീപിടിത്തത്തിന് പിറകിലെന്നു സംശയിക്കപ്പെടുന്നു.തീപിടിത്തത്തില്‍ പട്ടുതുണികള്‍ക്കൊപ്പം പതിറ്റാണ്ടുകള്‍ പഴക്കമുള്ള മാന്‍തോലുകൊണ്ടു നിര്‍മിച്ച തോല്‍പാവകളും കൊട്ടാരത്തിന്റെ വിലപിടിപ്പുള്ള മരഉരുപ്പടികളും കത്തിയമര്‍ന്നിരുന്നു. ഇപ്പോള്‍ കവളപ്പാറ കൊട്ടാരത്തിന്റേതെന്ന് പറയാവുന്ന മാളികചുവട് മാത്രമാണ് അവശേഷിക്കുന്നത്. നിര്‍മാണത്തിന്റെ വൈവിധ്യങ്ങള്‍ മനസിലാക്കാനും കൊട്ടാരത്തിന്റെ അവശേഷിപ്പെന്നു പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും മാളികച്ചുവടെങ്കിലും സംരക്ഷിച്ചു നിലനിര്‍ത്തണമെന്നാണ് അവശേഷിപ്പുകളെ പ്രണയിക്കുന്നവരുടെയും ആവശ്യം.
സാമൂഹ്യവിരുദ്ധന്മാര്‍ തീയിട്ടാണ് കൊട്ടാരത്തിന്റെ വിലപിടിപ്പുള്ള പലതും കത്തിപോകുന്നത്. ഇതുതടയാന്‍ നടപടിയെടുക്കുകയും പോലീസ് കാര്യക്ഷമമായി ഇടപെടുകയും ചെയ്യണമെന്ന വ്യാപക ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ അവശേഷിച്ചിട്ടുണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകളെല്ലാം കോഴിക്കോട് ആര്‍ക്കൈവ്‌സിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടാരത്തിലുണ്ടായിരുന്ന പാത്രങ്ങള്‍ ഉള്‍പ്പെടെ മോഷണംപോയ സാഹചര്യത്തിലാണിത്. അവകാശതര്‍ക്ക കേസാകട്ടെ കോടതിയില്‍ അവസാനഘട്ടത്തിലുമാണ്. കൊട്ടാരംമുതലുകള്‍ അളന്നുതിട്ടപ്പെടുത്തുന്നതോടെ ഭാഗം നല്കും. ഇതോടെ അരനൂറ്റാണ്ടായി തുടരുന്ന തര്‍ക്കവും പരിഹരിക്കപ്പെടും. വള്ളുവനാട്ടിലെ 96 ദേശങ്ങളുടെ നാടുവാഴിയായിരുന്ന മൂപ്പില്‍നായരുടെ ഭരണകേന്ദ്രമായിരുന്ന കൊട്ടാരത്തിന് 450 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് അനുമാനം.
അവകാശതര്‍ക്കത്തുടര്‍ന്ന് 1965 മുതല്‍ റിസീവറുടെ നിയന്ത്രണത്തിലാണ് കൊട്ടാരം. 35നുപുറത്ത് അവകാശികള്‍ കൊട്ടാരത്തിനുണ്ട്. കവളപ്പാറ കൊട്ടാരമുതലുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനുള്ള സാമ്പത്തികചെലവ് നല്കാന്‍ സംവിധാനമില്ലെന്നതാണ് മുഖ്യപ്രശ്‌നം .ഇക്കഴിഞ്ഞവര്‍ഷവും കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് തീപിടിച്ചിരുന്നു. കൊട്ടാരം സൂക്ഷിക്കുന്നതിനായി ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും നടപ്പായില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ട വ്യവഹാരവും തര്‍ക്കവും കഴിഞ്ഞ് കോടതിവിധി വരുമ്പോഴേയ്ക്കും കൊട്ടാരത്തിന്റെ അവശേഷിപ്പുകള്‍ അവശേഷിക്കുമോയെന്നു കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഈവര്‍ഷക്കാലം അതിജീവിക്കാനുള്ള ആര്‍ജവമോ ബലമോ മാളികചുവടിന്റെ ചുമരുകള്‍ക്കോ തൂണുകള്‍ക്കോ ഇല്ലെന്നുള്ളതാണ് വാസ്തവം. കനത്ത കാറ്റും മഴയും കൊട്ടാരത്തിന്റെയും മാളികചുവടിന്റെയും പലഭാഗങ്ങളെയും മുന്‍കാലങ്ങളില്‍ തകര്‍ത്തിരുന്നു.