സുല്‍ത്താന്‍ബത്തേരി: കുറിച്ച്യാട് റേഞ്ചിലെ വടക്കനാട് പള്ളിവയല്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ഒടുവില്‍ കെണിയിലായി. കഴിഞ്ഞ ദിവസം പള്ളിവയല്‍ വെള്ളക്കെട്ട് ജയമണിയുടെ തോട്ടത്തിലിറങ്ങിയ കടുവയെയാണ് ഇന്ന്് രാവിലെ 5.30ന് കൂട്ടിലായത്. ഏകദേശം എട്ടു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കടുവയാണ് കുട്ടില്‍ കുടുങ്ങിയത്. ഇന്നലെ ജനവാസകേന്ദ്രങ്ങളില്‍ ഭീതിവിതച്ച കടുവയെ പിടികൂടാന്‍ ബത്തേരി ഡിഎഫ്ഒ ധനേഷ് കുമാര്‍, കുറിച്ച്യാട് റേഞ്ച് ഓഫീസര്‍ അജിത് കെ. രാമന്‍ എന്നവരുടെ നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തിയിരുന്നു.
തെരച്ചിലിനിടയില്‍ കടുവയെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തോട്ടത്തില്‍ ശാന്തനായി കിടക്കുകയായിരുന്നു. പിന്നീട് വെള്ളകെട്ട് പുഷ്പരാജന്റെ തോട്ടത്തിലേക്ക് കടന്നു. ഇവിടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ച് കടുവയെ കെണിയില്‍ വീഴ്ത്തിയത്.
ആദ്യം മയക്കുവെടിവച്ച് പിടികൂടാനായിരുന്നു ഉദേശിച്ചിരുന്നത്. പിന്നീട് മുറിവേറ്റ് അവശനായ കടുവയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കൂടുവച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. പിടികൂടിയ കടുവയെ ബത്തേരി ഡിഎഫ്ഒ ഓഫീസില്‍ കൊണ്ടുവന്ന് വൈല്‍ഡ് ലൈഫ് വെറ്ററിനറി ഡോക്ടര്‍ ജിജിമോന്റെ നേതൃത്വത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പാലക്കാട് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി. കൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു.