തൃക്കരിപ്പൂര്‍: കാന്‍സര്‍ രോഗബാധിതരെ കണ്ടെത്തി ചികിത്സയും സഹായവുമായി സമൂഹത്തിലിറങ്ങാന്‍ കണ്ണൂര്‍ രൂപതാ സാമൂഹ്യ സേവന ഗവേഷണ വിഭാഗമായ കെയ്റോസിന്റെ നേതൃത്വത്തില്‍ പദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ആദ്യ ഘട്ടമായി വിവിധ തലങ്ങളില്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും.
സംസ്ഥാനത്തൊട്ടുക്കും നടക്കുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായാണ് കെയ്റോസിന്റെ നേതൃത്വത്തില്‍ ഉത്തര മലബാറില്‍ സാന്ത്വന പരിചരണവുമായി സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍ സമൂഹത്തിലെ സഹായം ആവശ്യമുള്ളവരെ തേടിയെത്തുന്നത്. കണ്ണൂര്‍കാസര്‍ഗോഡ് ജില്ലകളിലെ വിവിധ മേഖലാ ഫെഡറേഷനുകളുടെ ഭാരവാഹികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ സ്വാശ്രയ സംഘങ്ങളിലെ വളണ്ടിയര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള നിര്‍ദേശങ്ങളും പരിശീലനങ്ങളുമാണ് നല്‍കുക.
വീടുകളില്‍ കയറി ബോധവല്‍ക്കരണ ലഘുലേഖകളുടെ വിതരണവും നടക്കും. ഇതിന്റെ ഭാഗമായി നടക്കാവില്‍ നടന്ന കാഞ്ഞങ്ങാട് ഫെഡറേഷന് നേതൃയോഗം കെയ്റോസ് കണ്ണൂര്‍ ജനറല്‍ കോഓഡിനേറ്റര്‍ പി.യേശുദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ കോഓര്‍ഡിനേറ്റര്‍ എം.ഷാജി അധ്യക്ഷത വഹിച്ചു. ജോയ് കനകപ്പള്ളി, സാബു ചെമ്മഞ്ചേരി, പി.മാധവി,ടി.എസ്.ഏലിയാമ്മ, രാധ ചെമ്പ്രകാനം, മോളി ഫ്രാന്‍സീസ്,ഷൈമ സുനേഷ് എന്നിവര്‍ പ്രസംഗിച്ചു.