കാറുകളില്‍ കടത്തിയ മൂന്നുകോടി പിടികൂടി; കള്ളപ്പണം കൊണ്ടുവന്നതു തെരഞ്ഞെടുപ്പിനെന്ന് സൂചന

tcr-noteസ്വന്തം ലേഖകന്‍
തൃശൂര്‍: തൃശൂര്‍ അഞ്ചേരിയില്‍നിന്ന് കാറുകളില്‍ കടത്തിയിരുന്ന മൂന്നുകോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണിതെന്നാണ് സൂചന. രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. ഫോക്‌സ് വാഗണ്‍ പോളോ, ടൊയോട്ട എത്തിയോസ് കാറുകളിലായാണ് പണം കണ്ടെത്തിയത്. ഹാന്‍ഡ് ബ്രേക്കിനു സമീപവും ഡാഷ്‌ബോര്‍ഡിലുമുള്ള അറകളില്‍ കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു പണം. മലപ്പുറം രജിസ്‌ട്രേഷനിലുള്ളതാണ് കാറുകള്‍.

സ്വര്‍ണാഭരണ നിര്‍മാണ ശാലയിലേക്കു കൊണ്ടുവന്നതാണ് പണമെന്നു ചോദ്യം ചെയ്യലില്‍ കസ്റ്റഡിയില്‍ ഉള്ളവര്‍ പറഞ്ഞതായാണ് വിവരം. എന്നാല്‍ ഇതിനു സ്ഥിരീകരണമില്ല. പിടികൂടിയവരെ കൊച്ചിയിലെ ആദായനികുതി ആസ്ഥാനത്തേക്കു കൊണ്ടുപോയതായും പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.കോടികളുടെ കള്ളപ്പണം തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തൊഴുകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പ് ജാഗ്രതയിലാണ്.

Related posts