മങ്കൊമ്പ്: കാവാലം ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനെതിരേ ക്ഷീരകര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായി. കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള പ്രദേശത്തു നിലവില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി വിരലിലെണ്ണാവുന്ന കര്‍ഷകര്‍ താമസിക്കുന്ന ഉള്‍പ്രദേശത്തേക്കാണ് മാറ്റിസ്ഥാപിക്കുന്നത്. നിലവിലെ ആശുപത്രി കാവാലം കുന്നുമ്മ ക്ഷീരോല്പ്പാദക സഹകരണസംഘം വക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യാത്രാസൗകര്യങ്ങള്‍ കുറവായ അഞ്ചാംവാര്ഡിലേയ്ക്കാണ് ആശുപത്രി മാറ്റുന്നത്. ഇവിടെ ഇതിനായി വാങ്ങിയ സ്ഥലത്ത് കെട്ടിടത്തിന്റെ പണികള്‍ പുരോഗമിക്കുകയാണ്. ഈ പ്രദേശത്തെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലായി ആകെ 17 കര്‍ഷകര്‍ മാത്രമാണുള്ളത്.
എന്നാല്‍, ശേഷിക്കുന്ന ക്ഷീരകര്‍ഷകരില്‍ ഭൂരിഭാഗവും കുന്നുമ്മ, വടക്കന്‍ വെളിയനാട് പ്രദേശങ്ങളിലാണുള്ളത്. പടിഞ്ഞാറെ കുന്നുമ്മയിലെ 12, 13 വാര്‍ഡുകളില്‍ മാത്രം യഥാക്രമം പത്തും, 17ഉം ക്ഷീരകര്‍ഷകരുണ്ട്. വടക്കന്‍ വെളിയാനാട് മേഖലയിലെ ഒമ്പത്, പത്തു വാര്‍ഡുകളിലായി 15ഓളം കര്‍ഷകരുണ്ട്. പത്തു പശുക്കള്‍വരെയുള്ള കര്‍ഷകര്‍ ഇക്കൂട്ടത്തിലുണ്ട്. നിലവില്‍ ക്ഷീരകര്‍ഷകര്‍ മാത്രമാണ് മൃഗാശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. കാവാലത്തെ ആകെയുള്ള രണ്ടു പാല്സംഭരണകേന്ദ്രങ്ങളും കുന്നുമ്മയിലാണ് പ്രവര്‍ത്തിക്കുന്നത്. മൃഗാശുപത്രി അഞ്ചാംവാര്ഡിലേക്ക് മാറ്റിയാല്‍ ഭൂരിപക്ഷംവരുന്ന കര്‍ഷകര്‍ക്കു അത് ബുദ്ധിമുട്ടുണ്ടാക്കും. നിലവിലെ ആശുപത്രിയിലെത്താന്‍ കുന്നുമ്മ, വെളിയനാട്, കാവാലം പ്രദേശത്തെ കര്‍ഷകര്‍ക്ക് യാത്രാസൗകര്യങ്ങള്‍ ഏറെയുണ്ട്.
മിക്കവരും ദിവസേന പാലളക്കുന്നതിനായി ഇവിടെയെത്തുന്നവരാണ്. അഞ്ചാംവാര്ഡിലേക്ക് ആശുപത്രി മാറ്റിയാല്‍ അവിടെയെത്താന്‍ ഇവര്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ഇത് ക്ഷീരകര്‍ഷകരുടെ എണ്ണം കുറയ്ക്കാനും കാരണമായേക്കാം. പുളിങ്കുന്നു പഞ്ചായത്തിലെ മൃഗാശുപത്രി പുളിങ്കുന്നില്നിന്നും മങ്കൊമ്പിലേക്ക് മാറ്റാനുളള നീക്കം ആരംഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം കുന്നുമ്മയിലെ മൃഗാശുപത്രികൂടി മാറ്റിയാല്‍ കുന്നുമ്മ, വടക്കന്‍ വെളിയനാട് കണ്ണാടി പ്രദേശത്തെ കര്‍ഷകര്‍ക്ക് മൃഗാശുപത്രിയില്‍ നിന്നുള്ള പ്രയോജനം ലഭിക്കാതെവരും. യാത്രാസൗകര്യമുള്ള കാവാലം ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള സര്‍ക്കാര്‍വക ഭൂമിയില്‍ കെട്ടിടം നിര്‍മിക്കണമെന്നും ഒരുവിഭാഗം കര്‍ഷകര്‍ ആവശ്യപ്പെടുന്നു.