കുണ്ടറ : കുണ്ടറ ആശുപത്രിമുക്ക് റോഡ് തകര്‍ന്നിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ കുണ്ടറ ജനകീയ വേദിയോഗം പ്രതിഷേധിച്ചു. കുണ്ടറ-കൊട്ടിയം റോഡ് നവീകരണം നടത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന ഓട അടച്ചതിന്റെ പരിണിത ഫലമാണ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ ഭാഗത്തെ റോഡ് ഗതാഗതം അസാദ്ധ്യമാകും വിധം ശോചനീയാവസ്ഥയിലായതെന്ന് വേദി ചൂണ്ടിക്കാട്ടി. ഗതാഗത തിരക്കേറിയഭാഗത്ത് നിരവധി വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. കാല്‍നട യാത്രക്കാര്‍ പോലും പ്രയാസം നേരിടുന്ന സ്ഥിതിയാണ. മഴ വന്നാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. സമീപമുള്ള കടകളില്‍ പോലും വെള്ളം കയറുകയും യാത്ര ദുസഹമാവുകയും ചെയ്യും.
പ്രശ്‌നപരിഹാരത്തിനായി ഉടനടി ഓടനിര്‍മ്മിക്കുകയും, റോഡ് അറ്റകുറ്റപണി നടത്തുകയും വേണം. സത്വര നടപടി ഉണ്ടായില്ലെങ്കില്‍ റോഡ് ഉപരോധവും, ഹൈവേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയ ഉപരോധവും നടത്താന്‍ യോഗം തീരൂമാനമെടുത്തു. വളരെ തിരക്കേറിയ ആശുപത്രി ജംഗ്ഷനില്‍ ഒരു ബസ്സ്റ്റാന്‍റ് ഇല്ലാത്തതിന്റെ ദുരിതം ഏറെക്കാലമായി യാത്രക്കാര്‍ അനുഭവിക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെ പ്രധാനകേന്ദ്രമായ ആശുപത്രിമുക്കില്‍ യാത്രക്കാരുടെ ബാഹുല്യത്തോടൊപ്പം റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനും സ്റ്റേ ചെയ്യുന്നതിനും, വളരെയേറെ പ്രയാസമാണ് നേരിടുന്നത്.
കൂടാതെ പുത്തൂര്‍,ഏനാത്ത്,കൊട്ടാരക്കര,നെടുമണ്‍കാവ്,ഓടനനാവട്ടം,മണ്‍ട്രോത്തുരുത്ത്,ശിങ്കാരപ്പള്ളി,ശാസ്താകോട്ട ,കരുനാഗപ്പള്ളി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പ്രൈവറ്റ് ബസുകള്‍ സ്റ്റേ ചെയ്യുന്ന പ്രദേശം അപകടാവസ്ഥയിലാണ്. ഉയരത്തിലുള്ള പ്രധാന റോഡില്‍ നിന്നും കുണ്ടും കുഴിയും താഴ്ചയുമുള്ള റോഡ് സൈഡിലേക്ക് പ്രൈവറ്റ് ബസ് സ്റ്റേ ചെയ്യാന്‍ ഇറങ്ങുമ്പോള്‍ കഷ്ടിച്ചാണ് വാഹനം മറിയാതെ രക്ഷപെടുന്നത്. ഈ സ്ഥിതി വിശേഷം യാത്രക്കാരില്‍ നെഞ്ചിടിപ്പും ഭയവും അമ്പരപ്പും സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
നാഷണല്‍ ഹൈവേ അധികൃതരും, സ്ഥലം എംഎല്‍എയും പഞ്ചായത്ത് കമ്മിറ്റിയും പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ തുടര്‍ പ്രക്ഷോപങ്ങള്‍ക്ക് നിര്‍ബന്ധിതമാവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കുണ്ടറ ജനകീയവേദി പ്രസിഡന്റ് എ.റഹിംകുട്ടി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ പുത്തന്‍പുരയില്‍ ആര്‍ക്കേഡ് ഹാളില്‍ കൂടിയ യോഗത്തില്‍ ജനകീയ വേദി നേതാക്കളായ കെ.സി.വരദരാജന്‍ പിള്ള, എന്‍.ശ്രീനിവാസന്‍, എസ്.രാധാകൃഷ്ണന്‍, എ.എ.മുത്തലീഫ്, ഇളമ്പള്ളൂര്‍ സുരേഷ്, കെ.കെ.രാജീവ്, ജേക്കബ് തരകന്‍, കുണ്ടറ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.