ചെങ്ങന്നൂര്‍: കേരളത്തില്‍ ആദിവാസി മേഖലയിലെ ശിശുമരണ നിരക്ക് സൊമാലിയന്‍ രാഷ്ട്രത്തേക്കാള്‍ ഭീകരമെന്നു നരേന്ദ്ര മോദി പറഞ്ഞത് വാസ്തവമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തനിക്ക് ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതാണ്.
ആദിവാസി നേതാവായ സി.കെ. ജാനുവും ഇക്കാര്യം തന്നോട് സൂചിപ്പിച്ചിട്ടുണ്ട്. ജനാധിപത്യം നേടി 60 വര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ ഗുണഫലം കാടിന്റെ മക്കള്‍ക്ക് ലഭിച്ചിട്ടില്ല. മോദി പറഞ്ഞ സത്യത്തെ ദുര്‍വ്യാഖ്യാനം നടത്തി ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്.
വി.എസ്. അച്യുതാനന്ദനും, വി.എം. സുധീരനും കുലംകുത്തികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളേയും വിജയിപ്പിക്കണമെന്നും പാര്‍ട്ടി ചിഹ്നമായ കുടം പൊന്‍കുടമാണെന്നും ആ കുടത്തില്‍ താമര വിരിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.