കേരളപ്പിറവി സുവര്‍ണ ജൂബിലി സ്മാരക ശില്‍പ്പത്തിന് 60-ാം വാര്‍ഷികത്തില്‍ ശാപമോക്ഷം

kkd-smarrakomമുക്കം: ഏറെ കാലമായി അവഗണിക്കപ്പെട്ട് റോഡരികില്‍ അനാഥമായി കിടന്ന മുക്കത്തിന്റെ “സ്‌നേഹ ശില്‍പ്പ’ത്തിന് ഒടുവില്‍ ശാപമോക്ഷം. കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശില്‍പ്പി ആര്‍.കെ. പൊറ്റശ്ശേരി നിര്‍മിച്ച മുക്കത്തിന്റെ മതസൗഹാര്‍ദ സന്ദേശം വിളിച്ചോതുന്ന “സ്‌നേഹ ശില്‍പ്പം’ ഇനി തലയെടുപ്പോടെ തന്നെ നില്‍ക്കും.

കാരശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് സ്‌നേഹ ശില്‍പ്പം അഭിലാഷ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ശില്‍പ്പം പിഴുതുമാറ്റുകയായിരുന്നു. റോഡ് പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങളായെങ്കിലും പിന്നീട് ശില്‍പ്പം ഇവിടെ പുനഃസ്ഥാപിക്കാന്‍ ആരും മുന്‍കൈയെടുക്കാതെ തീര്‍ത്തും അവഗണിക്കപ്പെട്ടു. ശില്‍പ്പി ആര്‍.കെ. പൊറ്റശേരിയടക്കമുള്ളവര്‍ ശില്‍പ്പം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ രംഗത്ത് വന്നങ്കിലും നിരാശയായിരുന്നു ഫലം.

ഇപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍മുക്കം വിജയന്‍ പ്രത്യേക താത്പര്യമെടുത്താണ് ശില്‍പ്പം ഇവിടെ സ്ഥാപിച്ചത്. കാരശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ടൈലുകള്‍ പതിച്ച് മനോഹരമാക്കിയ തറക്കു മുകളില്‍ ശില്‍പ്പം സ്ഥാപിച്ചു. നഗരസഭാധികൃതരും മുക്കത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. തറയില്‍ പൂച്ചട്ടികള്‍വച്ചു കൊണ്ട് തീര്‍ത്തും വ്യത്യസ്തമായ ചടങ്ങുകളോടെയാണ് ശില്‍പ്പം പുന:സ്ഥാപിച്ചത്.

Related posts