കൊച്ചി: കൊച്ചി നഗരത്തിലെ ഫഌറ്റില്‍ വന്‍ സ്വര്‍ണവേട്ട. കച്ചേരിപ്പടി പ്രൊവിഡന്റ്സ് റോഡിലെ പ്രമുഖ ഫഌറ്റിലെ ഏഴാം നിലയിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നും നികുതിവെട്ടിച്ച് കൊണ്ടുവന്ന നാലു കിലോയോളം സ്വര്‍ണമാണ് ഷാഡോ പോലീസും സെയില്‍സ് ടാക്സും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാജസ്ഥാന് സ്വദേശികളായ കുന്ദന്സിംഗ് (42),്പ്രഹ്ലാദന് (36) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരില്‍ നിന്നും നാല് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ്കമ്മീഷണര്‍ എം.പി.ദിനേശിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പോലീസും സെയില്‍സ് ടാക്സും ഫഌറ്റില്‍ പരിശോധന നടത്തിയത്. നികുതിയടയ്ക്കാതെയാണ് സ്വര്‍ണം കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ തെളിഞ്ഞിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ആഭരണ രൂപത്തിലുള്ള സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വിതരണം ചെയ്യുന്നതിനായി ഉത്തരേന്ത്യയില്‍ നിന്നും ട്രെയിന്‍മാര്‍ഗമാണ് കൊണ്ടുവന്നത്. പ്രത്യേക അറകള്‍ തീര്‍ത്തിട്ടുള്ള ജാക്കറ്റ് ധരിച്ച് അതില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പോലീസും സെയില്‍സ്ടാക്സ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണവും പണവും സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ ഇവ വിട്ടുനല്‍കുമെന്നും ഇല്ലെങ്കില്‍ പിഴയടപ്പിക്കുമെന്നും സെയില്‍സ് ടാക്സ് അധികൃതര്‍ പറഞ്ഞു.