കൊടുംചൂടില്‍ ഭവാനിപ്പുഴയും ഇടമുറിഞ്ഞു

tcr-puzhaഅഗളി: കൊടുംചൂടില്‍ അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനിപ്പുഴ ഇടമുറിഞ്ഞു. സൈലന്റ്‌വാലി മലനിരകളില്‍നിന്ന് ഉത്ഭവിച്ച് അഗളി-പുതൂര്‍ പഞ്ചായത്തുകളെ വേര്‍തിരിച്ച് കിഴക്കോട്ടൊഴുകി തമിഴ്‌നാട്ടില്‍ കാവേരിയുമായി സംഗമിക്കുന്ന ശുദ്ധജലവാഹിയാണ് ഭവാനിപ്പുഴ.പുതൂര്‍ പഞ്ചായത്തിലൂടെ ഒഴുകിയെത്തുന്ന വരഗാര്‍പുഴ ചാവടിയൂരില്‍ ഭവാനിയുമായി ലയിക്കുന്നു. വരഗാര്‍പുഴയില്‍ വെള്ളംവറ്റി പാറക്കല്ലുകള്‍ മാത്രമായി. മുത്തികുളം വനമേഖലയില്‍നിന്ന് ഒഴുകിയെത്തുന്ന ഏഷ്യാ ഭൂഖണ്ഡത്തിലെ ഒന്നാമത്തെ ശുദ്ധജലസ്രോതസായ ശിരുവാണിപുഴയും തമിഴ്‌നാട്- കേരള അതിര്‍ത്തിയിലൂടെ ഒഴുകുന്ന കൊടുങ്ങരപള്ളവും ഇലച്ചിവഴിക്കടുത്ത് കൂടപ്പെട്ടിയില്‍ ഭവാനിയുമായി സംഗമിക്കുന്നു.

ഒരിക്കലും ഇടമുറിയാതിരുന്ന ശിരുവാണിപുഴയിലും വെള്ളത്തിന്റെ ഒഴുക്കുനിലച്ചു.അതേസമയം പതിറ്റാണ്ടുകളായി നീരൊഴുക്കില്ലാതെ ഉണങ്ങിക്കിടന്നിരുന്ന കൊടുങ്ങരപ്പള്ളത്തില്‍ കടുത്ത വേനലിലും ഒഴുക്കുനിലനില്ക്കുന്നുണ്ട്. കൊടുങ്ങരപ്പള്ളത്തെ പുനര്‍ജനിപ്പിക്കുന്നതിനായി അഹാഡ്‌സ് നടപ്പാക്കിയ വിവിധ പദ്ധതികളാണ് നീരൊഴുക്കിനു കാരണമായത്.

അഹാഡ്‌സ് പദ്ധതിപ്രവര്‍ത്തനം നിലച്ചതോടെ തോടുകളും പുഴകളും സംരക്ഷിക്കുന്നതിനു പദ്ധതികളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഭവാനിപ്പുഴയ്ക്കും ശിരുവാണിപ്പുഴയ്ക്കും കുറുകേ തടയണകള്‍ നിര്‍മിക്കാന്‍ അഹാഡ്‌സ് ഗവേണിംഗ് ബോഡിയില്‍ തീരുമാനങ്ങളെടുത്തെങ്കിലും തമിഴ്‌നാടിന്റെ എതിര്‍പ്പിനെ ഭയന്ന് നടപ്പാക്കിയില്ല.

അട്ടപ്പാടിയില്‍ കാണുന്ന വ്യാപക പുഴ കൈയേറ്റം പുഴകള്‍ ശോഷിക്കാന്‍ കാരണമായിട്ടുണെ്ടന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അട്ടപ്പാടിയിലെ ചെറുതോടുകളും അരുവികളും തടയണകള്‍ കെട്ടിയും നൂറുകണക്കിനുള്ള വാട്ടര്‍ഷെഡുകള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഭവാനി ശിരുവാണിപുഴകളിലെ നീരൊഴുക്ക് സമൃദ്ധമാക്കാന്‍ കഴിയും.വിവിധ വകുപ്പുകളിലൂടെ അട്ടപ്പാടിയുടെ വികസനത്തിന് കോടികള്‍ ചെലവഴിക്കുന്നുണെ്ടങ്കിലും പരിസ്ഥിതി-ജലസംരക്ഷണത്തിനുള്ള പദ്ധതികളൊന്നും തന്നെ നടപ്പാക്കുന്നില്ല. 219 കോടി രൂപ ചെലവഴിച്ച് അഹാഡ്‌സ് അട്ടപ്പാടിയില്‍ നടപ്പാക്കിയ പരിസ്ഥിതി പുനഃസ്ഥാപനപദ്ധതികള്‍ അനുദിനം നശിക്കുകയാണ്.

കുറ്റിക്കാടും വനവും കത്തിചാമ്പലായി. തോടും പുഴകളും വരണ്ടുണങ്ങികഴിഞ്ഞു. കാല്‍നൂറ്റാണ്ടുമുമ്പ് അട്ടപ്പാടിയിലെ ഏതു മലമുകളിലും താഴ്‌വാരങ്ങളിലും വേനലില്‍ വെള്ളം സുലഭമായിരുന്നു. നീരൊഴുക്കുമൂലം ഭവാനി, ശിരുവാണിപുഴകള്‍ മുറിച്ചു കടക്കാനാകാത്ത സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.അട്ടപ്പാടിയിലെ വാട്ടര്‍ഷെഡുകളും ചെറുനീച്ചാലുകളും തോടും പുഴകളും സംരക്ഷിച്ച് ജലസംരക്ഷണം നടപ്പാക്കിയില്ലെങ്കില്‍ വരുംകാലങ്ങളില്‍ അട്ടപ്പാടിയെ കാത്തിരിക്കുന്നത് കുടിവെള്ളത്തിനുള്ള കടുത്ത പോരാട്ടമായിരിക്കും.

Related posts