തൃശൂര്‍: എസ്.എന്‍ പുരം സ്വദേശി പാലാട്ടില്‍ വീട്ടില്‍ ശങ്കരനാരായണന്റെ മകന് ഗിരീഷിനെ(30) വെട്ടികൊലപ്പെടുത്തിയ കേസില്‍ കൊടുങ്ങല്ലൂര്‍ എറിയാട് പണിക്കര്‍പ്പടി വെട്ടിക്കാട്ടില്‍ സിബിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.പി സുധീറാണ് ശിക്ഷ പ്രഖ്യാപിച്ചത്. 2006 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയുടെ അമ്മായിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതിലുള്ള വിരോധം തീര്‍ക്കാന്‍ അമ്മാവന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി വീടിനു പുറത്തുവെച്ച്, വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗിരീഷിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ സിബിയും സിബിയുടെ അമ്മാവന് പാലയ്ക്കല്‍ വീട്ടില്‍ സാംബശിവനും മറ്റും താമസിക്കുന്ന കാരയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഗിരീഷുമായി സംസാരിക്കുകയും തുടര്‍ന്ന് ഇരുവരും കൂടി ഗിരീഷിന്റെ വണ്ടിയില്‍ പുറത്തുപോവുകയുമായിരുന്നു.
രാത്രി പത്തരയോടെ ഇവര്‍ സിബിയുടെ അമ്മാവന്റെ വീട്ടിലെത്തുകയും മോട്ടോര്‍ ബൈക്കിലിരിക്കുകയായിരുന്ന ഗിരീഷിനെ സിബി വെട്ടുകത്തികൊണ്ട് തലയിലും കഴുത്തിലും കൈപ്പത്തിയിലും തുരുതുരാ വെട്ടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. വെട്ടുകത്തികൊണ്ട് തലയിലും കഴുത്തിലും വെട്ടേറ്റ ഗിരീഷ് കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഡിസ്ട്രിക്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മേച്ചേരി, അഡ്വക്കേറ്റുമാരായ രഞ്ജിത്ത് കെ, ദിനു എന്‍.ജി, എഡ്വിന ബെന്നി ഹാജരായി.