കൊറ്റംകുളത്ത് ശക്തമായ ചുഴലിയില്‍ വ്യാപകനാശം

TCR-CHUZHALIകൊറ്റംകുളം:  പെരിഞ്ഞനം കൊറ്റംകുളത്ത് ശക്തമായ ചുഴലിയില്‍ വ്യാപകനാശം. ഇന്നലെ രാത്രി ഏഴോടെയാണ് കൊറ്റംകുളം വിനായക റോഡ് പരിസരത്ത് ചുഴലി വീശിയത്. നിരവധി വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ കടപുഴകി വീണു. കാരയില്‍ പത്മനാഭന്‍, കാരയില്‍ രാജേഷ്, മാരാത്ത് ദിനേശന്‍, കാരയില്‍ ഷീമോന്‍, വെള്ളിപ്പറമ്പില്‍ ഗോപികൃഷ്ണന്‍, വില്ലന്‍വീട്ടില്‍ പവിത്രന്‍, കൊച്ചുപറമ്പത്ത് ഗിരീഷ്കുമാര്‍, കളപുരയ്ക്കല്‍ സോമസുന്ദരന്‍ തുടങ്ങി നിരവധി പേരുടെ വീടുകളിലെ കാര്‍ഷിക വിളകള്‍ നശിച്ചു.

അയിനി, തേക്ക് ഉള്‍പ്പെടെയുള്ള വന്‍ വൃക്ഷങ്ങള്‍ കെഎസ്ഇബി പോസ്റ്റിലേക്ക് വീണതിനെത്തുടര്‍ന്ന് മേഖലയില്‍ വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ഇ.ടി. ടൈസണ്‍ എംഎല്‍എ, വില്ലേജ് ഓഫീസര്‍, കൃഷിവകുപ്പ് അധികൃതര്‍, പഞ്ചായത്ത് അംഗങ്ങളായ സുധീര്‍, ഷൈലജ പ്രതാപന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

വീട് തകര്‍ന്നു
പുന്നയൂര്‍ക്കുളം: ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആല്‍ത്തറ നാലാപ്പാട്ട് റോഡില്‍ പുളിക്കോട്ടില്‍ ജോര്‍ജിന്റെ ഓട് വീട് തകര്‍ന്നുവീണു. വീടിന്റെ ഭൂരിഭാഗവും തകര്‍ന്നു. ശബ്ദം കേട്ട് ഭാര്യയും ജോര്‍ജും വീടിനുപുറത്തേക്കോടിയതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. പെരുമ്പടപ്പ് കുഴപ്പിള്ളിയില്‍ മദ്രസ കെട്ടിടം തകര്‍ന്നുവീണു. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലാണ് മദ്രസ കെട്ടിടം തകര്‍ന്നത്. അപകടം പകല്‍ സമയത്തല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

വൈദ്യുതി ലൈനുകള്‍ പൊട്ടി
തൃപ്രയാര്‍: തൃപ്രയാര്‍, നാട്ടിക, തളിക്കുളം മേഖലകളില്‍ കാറ്റും മഴയും നാശം വിതച്ചു. പലയിടങ്ങളിലും വീടുകളുടെ ഓടുകള്‍ പറന്നുപോയി. മരങ്ങള്‍ വീണു. ഒരു കോഴി ഫാമിനും കേടുപറ്റി.  മരങ്ങള്‍ വീണ് വൈദ്യുതി ലൈന്‍ പൊട്ടിയതിനാല്‍ ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്.

ചേര്‍പ്പില്‍ വെള്ളക്കെട്ട്
ചേര്‍പ്പ്: മഴ കനത്തതോടെ ചേര്‍പ്പ് മേഖലയില്‍ താഴ്ന്നയിടങ്ങളില്‍  വെള്ളക്കെട്ട് രൂക്ഷമായി.  ഇഞ്ചമുടി, ഹെര്‍ബര്‍ട്ട് കനാല്‍ പ്രദേശങ്ങളില്‍  പാടശേഖരങ്ങളിലും കനാലിലും വെള്ളം ഉയര്‍ന്നതോടെ വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. എട്ടുമനയില്‍ നിന്നും കിടാക്കുളങ്ങരക്കുള്ള വഴിയില്‍ വെള്ളം കയറിയതോടെ കാല്‍നട യാത്രാ ദുരിതത്തിലായി.  മഴവെള്ളം ഒഴുകിപോകുവനുള്ള ഓടകള്‍ ഇല്ലാത്തതാണ് പ്രദേശത്ത് വെള്ളം കെട്ടിനില്ക്കാന്‍ കാരണം. എട്ടുമന മില്ല് ബസ് സ്റ്റോപ്പിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലും വെള്ളം കയറി.

Related posts