കോലിയക്കോട് പാടത്ത് നൂറുമേനി വിളയിച്ച് വിദ്യാര്‍ഥികള്‍

tvm-krishiനേമം: നെല്‍കൃഷി മുടങ്ങി കിടന്ന പാടത്ത് പ്രത്യാശയുടെ നൂറുമേനി.   പാപ്പനംകോട്  ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനിയറിംഗ് കോളജിലെ  എന്‍എസ്എസ് യൂണിറ്റ്  വിദ്യാര്‍ഥികളാണ്  കോലിയക്കോട് പാടശേഖരത്ത് നെല്‍കൃഷി ആരംഭിച്ച് ഇന്നലെ   വിളവെടുപ്പ് നടത്തിയത്.  കോലിയക്കോട് പാടശേഖരത്തിലെ ഓരേക്കര്‍ വരുന്ന സ്ഥലത്താണ് നെല്‍വയല്‍ സംരക്ഷണ പദ്ധതി  കതിരിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പഠന സമയം കഴിഞ്ഞുള്ള ഒഴിവു ദിവസങ്ങളില്‍ നിലമൊരുക്കിയതും   വിത്തുപാകിയും  വളമിട്ടും   വെള്ളം കോരിയും  വിദ്യാര്‍ഥികള്‍ തന്നെ കൃഷി നടത്തിയത്.

പ്രത്യാശ ഇനത്തില്‍പ്പെട്ട നെല്‍ വിത്താണ് പാകിയത്.  ഇതില്‍ നിന്നുമാണ് ഇവര്‍ നൂറുമേനി കൊയ്തത്. കഴിഞ്ഞ വര്‍ഷവും എന്‍എസ്എസ്.യൂണിറ്റ് വിദ്യാര്‍ഥികള്‍ കൃഷിയിറക്കി നാടിന് മാതൃക കാട്ടിയിരുന്നു.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏക്കര്‍ കണക്കിന്  നെല്‍കൃഷിയുണ്ടായിരുന്ന കോലിയക്കോട് പാടം ഇന്ന് നികത്തല്‍ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകരെ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിദ്യാര്‍ഥികള്‍ വീണ്ടുമെത്തിയത്.കഴിഞ്ഞ നൂറ് ദിവസത്തിലേറെയായ വിദ്യാര്‍ഥികള്‍ കഠിന പ്രയത്‌നത്തിലൂടെയാണ് നൂറ് മേനി വിളയിച്ചത്.

ഇന്നലെ നടന്ന കൊയ്ത്തുത്സവം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ കൃഷി ഏറ്റെടുത്തില്ലെങ്കില്‍ കൃഷി തകരും. നെല്‍ കൃഷി പ്രകൃതിയെയും കുടിവെള്ളത്തെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മന്ത്രി  പറഞ്ഞു. ഭൂഗര്‍ഭ ജലത്തിന്റെ ശരിയായ റീ ചാര്‍ജിന് നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വയല്‍ നികത്തലിനെതിരെ നാട്ടുകാര്‍ ശക്തമായ നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വഞ്ചിയൂര്‍. പി.ബാബു അധ്യക്ഷത വഹിച്ചു.    ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, , കൗണ്‍സിലര്‍മാരായ എം.ആര്‍.ഗോപന്‍, എ.വിജയന്‍, നേമം കൃഷി ഓഫീസര്‍ ശശികുമാര്‍, ബ്രഹ്മനായകം മഹാദേവന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിജോയി, അനന്തു അജയ്,     കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയസുധ ജെ.എസ്, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്,  അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മിനി കെ.രാജന്‍, ജി.പി.സജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts