കോഴഞ്ചേരി: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടുപിടിക്കുന്നതിനും വേണ്ടി ആറന്മുള ജനമൈത്രിപോലീസ് കോഴഞ്ചേരി ടൗണില്‍ സ്ഥാപിച്ച നിരീക്ഷണ കാമറ പ്രവര്‍ത്തനരഹിതമായിട്ട് ഒരുവര്‍ഷത്തിലേറെയാകുന്നു. ടൗണിലും ചുറ്റുവട്ടത്തുമായി 27 കാമറകളാണ് സ്‌പോണ്‍സര്‍ഷിപ്പോടുകൂടി സ്ഥാപിച്ചത്. ടൗണിലെ ട്രാഫിക് കുറ്റകൃത്യങ്ങളും ഗതാഗത കുരുക്കും മറ്റ് സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളും തടയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കാമറകളുടെ പ്രവര്‍ത്തനംമൂലം കഴിയുമെന്നാണ് ഉദ്ഘാടന ഘട്ടത്തില്‍ പോലീസ് പറഞ്ഞിരുന്നത്.
ഒരു മാസത്തിനുള്ളില്‍ വണ്‍വേ റോഡില്‍ ബിവറേജ് കോര്‍പറേഷന്റെ ചില്ലറ വില്പന ശാലപ്രവര്‍ത്തിച്ചിരുന്നതിന്റെ സമീപത്തുണ്ടായിരുന്ന കാമറ ബോധപൂര്‍വം തന്നെ തകരാറിലാക്കിയിരുന്നു. തുടര്‍ന്നാണ് മറ്റ് കാമറകളും പ്രവര്‍ത്തനരഹിതമായത്. തകരാറിലായ കാമറകള്‍ നന്നാക്കുന്നതിനുള്ള ഒരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന ജില്ലാ പോലീസ് ചീഫിന്റെ തീരുമാനത്തിന്റെ ഭാഗമായി കോഴഞ്ചേരി ടൗണിലെ കേടായ കാമറകള്‍ നവീകരിക്കുന്നതിനുള്ള നടപടികളും പോലീസ് ചീഫിന്റെ ഭാഗത്തുണ്ടാകണമെന്ന് കോഴഞ്ചേരി നിവാസികള്‍ ആവശ്യപ്പെട്ടു.
തിരക്കേറിയ കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിലും സമീപ സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമേറുകയാണ്. വൈകുന്നേരമായാല്‍ കോഴഞ്ചേരി പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ബള്‍ബുകളൊന്നും തന്നെ പ്രകാശിക്കുന്നില്ല. കാല്‍നടയാത്രപോലും പാലത്തില്‍കൂടി ദുസഹമായിരിക്കുകയാണ്. എംപിയുടെ ആസ്ഥിവികസന ഫണ്ടിലെ തുക ഉപയോഗിച്ച് ടൗണില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിലെ ബള്‍ബുകളും പൂര്‍ണമായി പ്രകാശിക്കുന്നില്ല. ഇതിനോടൊപ്പം ടൗണിലെ അനധികൃത പാര്‍ക്കിം ഗും ഗതാഗതകുരുക്കും മൂലം ജനങ്ങള്‍ ഏറെ വീര്‍പ്പുമുട്ടുകയാണ്. മണിക്കൂറോളമാണ് പാലത്തിലും ജില്ലാ ആശുപത്രിയുടെ മുമ്പില്‍ കൂടിയുള്ള വണ്‍വേ റോഡിലും ഗതാഗത കുരുക്കനുഭവപ്പെടുന്നത്. ഇതിനു പരിഹാരമായ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.