ഗുരുവായൂര്‍: ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് നിര്‍ത്തലാക്കുന്നതിനായി ഗുരുവായൂര്‍ റെയില്‍വെസ്റ്റേഷനില്‍ ആരംഭിക്കുന്ന പ്രി-പെയ്ഡ് ഓട്ടോ സംവിധാനത്തിന് ഒടുവില്‍ റെയില്‍വേയുടെ അനുമതി ലഭിച്ചു. ഇതോടെ അടുത്തമാസത്തോടെ പ്രി-പെയ്ഡ് ഓട്ടോ സംവിധാനം നിലവില്‍വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
സ്‌റ്റേഷനില്‍ പ്രിപെയ്ഡ് സംവിധാനം നടപ്പിലാക്കുന്നതിന് കൗണ്ടര്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് റെയില്‍വേ അധികൃതര്‍ ഇന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ.പി.കെ.ശാന്തകുമാരിക്ക് കൈമാറി. സ്റ്റേഷന്റെ കവാടത്തില്‍ വടക്കുഭാഗത്തായാണ് പ്രി-പെയ്ഡ് കൗണ്ടര്‍ നിര്‍മിക്കുന്നത്. ഇത് സ്‌പോണ്‍സര്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ട്. റെയില്‍വെ അധികൃതരും പോലീസുമായുള്ള ധാരണകള്‍ക്ക്‌ശേഷം ഒക്ടോബര്‍ മാസത്തില്‍ സംവിധാനം നടപ്പിലാക്കും.
ഗുരുവായൂരില്‍ ഒരു വിഭാഗം ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നെന്ന പരാതി വ്യാപകമായിരുന്നു. സിപിഎം ജില്ലകമ്മിറ്റി അംഗത്തെ അമിത ചാര്‍ജ് നല്‍കാത്തതിന്റെ പേരില്‍ മര്‍ദിച്ച സംഭവവും ഉണ്ടായി. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രിപെയ്ഡ് സംവിധനം നടപപിലാക്കുന്നതിനും സ്റ്റാന്‍ഡുകളില്‍ പ്രധാന സ്ഥലങ്ങളിലേക്കുള്ള തുക രേഖപെടുത്തിയ ബോര്‍ഡ് വെക്കുന്നതിനും തീരുമാനിച്ചിരുന്നു.
ഓഗസ്റ്റ് 15മുതല്‍ പ്രിപെയ്ഡ് സംവിധാനം നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാല്‍ റെയില്‍വെയുടെ അനുമതി ലഭിക്കാത്തതിനാല്‍ നീണ്ടു പോവുകയായിരുന്നു. റെയില്‍വെയുടെ അനുമതി ലഭിച്ചതോടെ അമിത ചാര്‍ജില്‍ നിന്ന് രക്ഷപെടാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും തീര്‍ഥാടകരും.