ചവറയില്‍ ഷിബുവും വിജയന്‍പിള്ളയും പ്രചാരണം തുടങ്ങി

KLM-SHIBUBABYJOHNചവറ: പ്രത്യാശയോടെ ചവറ  നിയോജക മണ്ഡലത്തിലെ വലത്-ഇടത് മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥനയുമായി രംഗത്ത് ഇറങ്ങി. യുഡിഎഫിലെ ആര്‍എസ്പി  സ്ഥാനാര്‍ഥിയായ ഷിബുബേബി ജോണ്‍ മണ്ഡലത്തില്‍ താന്‍ ചെയ്ത  വികസന കാര്യങ്ങള്‍ മുന്നില്‍ ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയതെങ്കില്‍ പൊതുപ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തി ആത്മാര്‍ഥമായ സേവനം ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫിലെ സിഎംപി സ്ഥാനാര്‍ഥി ചവറ എന്‍. വിജയന്‍പിള്ള  നിയമസഭയിലേക്ക് ആദ്യ അങ്കത്തിന് ഇറങ്ങിയിരിയ്ക്കുന്നത്.

മൂന്ന് തവണ ചവറയെ പ്രതിനിധീകരിച്ച് എംഎല്‍എ ആകുകയും തുടര്‍ന്ന് മന്ത്രി പദവിയും വഹിച്ച് ജനസേവനം നടത്തിയെന്ന മുന്‍പരിചയം ഷിബുബേബി ജോണിന് കൈമുതലായി ഉണ്ട്. എന്നാല്‍ 21 വര്‍ഷം ഗ്രാമപഞ്ചായത്തംഗം, ജില്ലാ പഞ്ചായത്തംഗം എന്നിങ്ങനെ ജനസേവനം നടത്തിയെന്ന മുന്‍പരിചയം  എന്‍. വിജയന്‍ പിള്ളയ്ക്കും കൈമുതലായി ഉണ്ട്. ഇരു സ്ഥാനാര്‍ഥികളും വിവിധ മേഖലകളില്‍ കയറി പരിചയം പുതുക്കിയും കുശലങ്ങള്‍ പറഞ്ഞും മുന്നോട്ട് പോവുകയാണ്. എന്നാല്‍ ചവറയിലെ ബിജെപി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചു കഴിഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പേ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചുവരെയുത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. എന്നിരുന്നാലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചുവരെയുത്തും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചവറ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് മേല്‍കൈ. ഇവിടെ നിലവിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ ചവറ, നീണ്ടകര, പന്മന, ചവറ തെക്കുംഭാഗം എന്നിവിടങ്ങളിലും ചവറ ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്. എന്നാല്‍ ചവറയിലെ ചവറ, തേവലക്കര എന്നീ  രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വിജയിച്ചത് യുഡിഎഫാണ്.  തേവലക്കര ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതും യുഡിഎഫാണ്. ലോകസഭാ സീറ്റും യുഡിഎഫിലെ ആര്‍എസ്പിയ്ക്കാണ്.

Related posts