ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പറിലെത്തിയത് വെറുതെയല്ലെന്ന് ആഞ്ചലിക് കെര്‍ബര്‍ തെളിയിച്ചു. യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കിരീടം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ക്ക്.മൂന്നു സെറ്റ് നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവയെ 6-3, 4-6, 6-4ന് തകര്‍ത്താണ് ജര്‍മന്‍ താരം കിരീടം ചൂടിയത്. കെര്‍ബറുടെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത് സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ കെര്‍ബര്‍ അങ്ങനെ സീസണിലെ അവസാനത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവും നേടി.
ഒരു വര്‍ഷം രണ്ടു ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയതില്‍ വളരെ സന്തോഷമുണെ്ടന്നും ഇതാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമെന്നും കെര്‍ബര്‍ പറഞ്ഞു. ഈ കിരീടത്തിനുള്ള കാത്തിരിപ്പ് അഞ്ചു വര്‍ഷം മുമ്പ് യുഎസ് ഓപ്പണ്‍ സെമി ഫൈനലിലെത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ഇവിടെ കിരീടം നേടി. ഇത് മഹത്തരമാണ്- കെര്‍ബര്‍ കൂട്ടിച്ചേര്‍ത്തു.
28കാരിയായ കെര്‍ബര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. വിംബിള്‍ഡണ്‍ ഫൈനലില്‍ അമേരിക്കന്‍ താരത്തോടു തോറ്റു. ഇപ്പോഴത്തെ വിജയത്തോടെ കെര്‍ബര്‍ ഔദ്യോഗികമായി ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കു കയറി.
സെമിഫൈനലില്‍ സെറീന പുറത്തായതോടെ ജര്‍മന്‍ താരം ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. ലോക ഒന്നാം നമ്പര്‍ ആകുന്നതും ഗ്രാന്‍ഡ് സ് ലാം കിരീടങ്ങള്‍ നേടുന്നതും താന്‍ ചെറിയ പെണ്‍കുട്ടിയായപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയ സ്വപ്നമാണ്. ഇതിനു വലിയ അര്‍ഥങ്ങളുണ്ട് -കെര്‍ബര്‍ പറഞ്ഞു. കെര്‍ബറുടെ എതിരാളിയായ പ്ലീഷ്കോവയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു ഇത്. വീനസ് വില്യംസ്, സെറീന എന്നിവരെ പരാജയപ്പെടുത്തിയാണ് ചെക് താരം ഫൈനലിലേക്കു കുതിച്ചത്.
ടൂര്‍ണമെന്റില്‍ കെര്‍ബര്‍ ആദ്യമായാണ് ഒരു സെറ്റ് വഴങ്ങുന്നത്. പ്ലീഷ്കോവയുടെ കരുത്തുറ്റ ഗ്രൗണ്ട്സ്ട്രോക്കുകള് കെര്‍ബറെ പലപ്പോഴും ബുദ്ധിമുട്ടിച്ചു. പക്ഷേ 47 അണ്ഫോഴ്സ്ഡ് എററുകള്‍ പ്ലീഷ്കോവ പായിച്ച 40 വിന്നേഴ്സിനെക്കാള് മുകളിലായിരുന്നു. ഇതാണ് അവര്‍ക്കു തിരിച്ചടിയായത്.
ആദ്യ സെറ്റില്‍ പ്ലീഷ്കോവ വരുത്തിയ പിഴവുകള്‍ കെര്‍ബറിന് ആശ്വാസം നല്കി. ചെക് താരം വരുത്തിയ ഇരട്ടപ്പിഴവുകള്‍ ജര്‍മന്‍ താരത്തിന് സെറ്റ് നല്കി. രണ്ടാം സെറ്റില്‍ കരുത്തുറ്റ ഷോട്ടുകളുമായി പ്ലീഷ്കോവ നിറഞ്ഞപ്പോള്‍ കെര്‍ബറിനു കാലിടറി.ജര്മന്താരത്തിന്റെ പതര്‍ച്ചയില്‍ ആത്മവിശ്വാസത്തോടെ നിറഞ്ഞുകളിച്ച പ്ലീഷ്കോവ സെറ്റ് നേടി. ഇതോടെ മത്സരം നിര്‍ണായകമായ മൂന്നാം സെറ്റിലേക്കു കടന്നു. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ 2-1ന് കെര്‍ബര്‍ പിന്നിലായിരുന്നു. പക്ഷേ പ്ലീഷ്കോവയ്ക്ക് ഈ നേട്ടം നിലനിര്‍ത്താനായില്ല.
പ്ലീഷ്കോവയുടെ രണ്ട് പിഴവുകള്‍ കെര്‍ബറിനു തിരിച്ചുവരവിനുള്ള പാത തെളിച്ചു. പെട്ടെന്നു തന്നെ ജര്‍മന്‍ താരം ലീഡ് നേടുകയും ചെയ്തു. ഫോര്‍ഹാന്‍ഡ് സ്ട്രോക്ക് മൂലയിലേക്കിട്ട് കെര്‍ബര്‍ മത്സരം സ്വന്തമാക്കി.