ചാവക്കാട്: നഗരസഭയില്‍ ഇനി ഓലവീട് ഇല്ല, വീടില്ലാത്തവരും ഉണ്ടാകില്ല. എല്ലാവര്ക്കും വീടെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ചാവക്കാട് നഗരസഭയും ഉള്‍പ്പെട്ടു. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കും. ഓലവീട്ടുകാര്ക്കും വാസയോഗ്യമല്ലാത്ത വീട്ടുകാര്‍ക്കും ഇനി പുതിയ വീട് ലഭിക്കും. ഒരു സെന്റ് ഭൂമിയുള്ളവനും കൂട്ടുസ്വത്തില്‍ ഭൂമിയുള്ളവനും അപേക്ഷിക്കാമെന്ന് നഗരസഭ ചെയര്മാന് എന്‍.കെ. അക്ബര്‍, വൈസ് ചെയര്മാന് മഞ്ജുഷ സുരേഷ്, കെ.എച്ച്. സലാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് ചാവക്കാട് നഗരസഭ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ് പദ്ധതി. ഭവനപദ്ധതിയില്‍ ഇതുവരെ 1458 പേര് രജിസ്റ്റര്‍ ചെയ്തു. ഇനിയുള്ളവര്‍ക്ക് ഓഗസ്റ്റ് എട്ടുവരെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് എ.എച്ച്. അക്ബര്‍, എ.സി. ആനന്ദന്, എം.ബി. രാജലക്ഷ്മി എന്നിവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022ല്‍ എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്്. വീടില്ലാത്ത എല്ലാവരേയും ഗുണഭോക്താക്കളായി തെരഞ്ഞെടുക്കാവുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സി അര്‍ബര്‍ ഹൗസിംഗ് മിഷനാണ്.
വ്യക്തിഗത നിര്‍മാണത്തില്‍ സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും ഉള്ളവര്‍ക്ക് രണ്ടരലക്ഷം സര്‍ക്കാര്‍ വിഹിതവും 50,000 രൂപ ഗുണഭോക്തൃവിഹിതവുമായി 75 ച.മീ ഉള്ള ഭവനം പണിയാം. ക്രഡിറ്റ് ലിങ്ക്സ് പദ്ധതിയില്‍ സാമ്പത്തിക-ദുര്‍ബല വിഭാഗങ്ങള്‍ക്കും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍നിന്നും സ്ഥലം വാങ്ങി വീട് നിര്‍മിക്കുന്നതിന് 15 വര്‍ഷത്തെ വായ്പ കാലാവധിയില്‍ മൂന്നുശതമാനം പരിശക്ക് ആറുലക്ഷം രൂപ വായ്പ ലഭിക്കും. അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതിയില്‍ നഗരങ്ങളിലെ സാമ്പത്തിക ദുര്‍ബല വിഭാഗക്കാര്‍ക്ക് സ്വകാര്യ സംരംഭകരുടെ സഹായത്തോടെ 30 ചതുരശ്രമീറ്ററിന് താഴെ വീടുകള്‍ക്ക് നിര്‍മാണത്തിന് ഒന്നരലക്ഷം രൂപവരെ ലഭിക്കും.
പദ്ധതി നടപ്പിലാക്കുന്നതിന് നഗരസഭതലത്തില് ചെയര്‍മാന്റെ അധ്യക്ഷതയില്‍ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കും. ഭവനനിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ജിയോ ടാഗട് ഫോട്ടോഗ്രാഫിക് സിസ്റ്റം ഉപയോഗിക്കും. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജ് ഐഎം എന്നീ സ്ഥാപനങ്ങളുടെ സഹായം വീട് നിര്‍മാണത്തിന് ലഭിക്കും. നിര്‍മാണത്തിന് ആവശ്യമായ സിമന്റ്, കമ്പി തുടങ്ങിയവ കുറഞ്ഞനിരക്കില്‍ ലഭിക്കുന്നതിന് സംവിധാനമുണ്ടാകും. നഗരസഭയിലെ പ്ലാനും ലേ ഔട്ടും ഉപയോഗിക്കാം. അതല്ലങ്കില്‍ സ്വന്തമായി പ്ലാന്‍ തയാറാക്കാം. രണ്ടും നഗരസഭ സ്വീകരിക്കും.
കൂട്ടുസ്വത്തിലാണ് വീട് പണിയുന്നതെങ്കില്‍ നോട്ടറിയുടെ സാക്ഷ്യപത്രം മതി. സിആര്‍സെഡ് പദ്ധതിയിലുള്ള സ്ഥലത്തും പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് മൂന്നുനിലവരെ ഉയരത്തില്‍ വീട് നിര്‍മിക്കാം. അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സര്‍വേ നടത്തും. വാര്‍ഡ്തലത്തില്‍ ഗുണഭോക്താക്കളുടെ യോഗം വിളിക്കും. പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ചാവക്കാട് നഗരസഭയില്‍ ഓലവീട് അപ്രത്യക്ഷമാകും. വീടില്ലാത്തവര്‍ ആരും ഉണ്ടാകരുത്. ഇതാണ് ലക്ഷ്യം വയ്ക്കുന്നത്. ചെയര്മാന് അക്ബര്‍ പറഞ്ഞു.എ.എ. മഹേന്ദ്രന്, സഫുറബക്കര്, പി.ബി. ബിന്നു, പി.ഐ. വിശ്വംഭരന്, തറയില്‍ ജനാര്ദനന് എന്നിവരും വാര്‍ത്തസമ്മേളത്തില്‍ പങ്കെടുത്തു.