ഏറ്റുമാനൂര്‍: ചികിത്സ നിഷേധിക്കപ്പെട്ട് 13 മണിക്കൂര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വരാന്തയില്‍ കിടക്കേണ്ടിവന്ന മാധ്യമ പ്രവര്ത്തകന് അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍. കിഡ്നിക്കും കരളിനും രോഗം ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യാശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യപ്പെട്ട സ്റ്റാര്‍ വിഷന്‍ ചാനല്‍ കാമറാമാന് ടോണി വെമ്പള്ളിക്കാണ് ആരും തിരിഞ്ഞുനോക്കാതെ ആശുപത്രി വരാന്തയില്‍ 13 മണിക്കൂര്‍ കിടക്കേണ്ട ദുര്യോഗമുണ്ടായത്. ടോണി ഇപ്പോള്‍ എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടോണിയെ കിഡ്നിക്കും കരളിനും രോഗബാധ ഉണ്ടായതിനെതുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. രാത്രി ഏഴിന് ജനറല്‍ മെഡിസിന് വിഭാഗത്തിലെ ആറാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.
വാര്‍ഡിന്റെ വരാന്തയില്‍ കിടത്തിയ ടോണിയെ ബുധനാഴ്ച രാവിലെ ഏഴുവരെ ഡോക്ടര്‍മാരോ നഴ്സുമാരോ തിരിഞ്ഞുനോക്കിയതേയില്ല. പനി അടിക്കടി വര്‍ധിച്ചു വന്നതിനെ തുടര്‍ന്ന് ടോണിയുടെ ഭാര്യ രഞ്ജിനിയും ബന്ധുക്കളും പലവട്ടം പോയി കരഞ്ഞു പറഞ്ഞെങ്കിലും ആരും എത്തിയില്ല. ഇതിനിടെ ടോണി അബോധാവസ്ഥയിലാകുകയും ചെയ്തു. രഞ്ജിനി അറിയിച്ചതിനെ തുടര്‍ന്ന് ടോണിയുടെ സുഹൃത്തുക്കളായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ഏഴരയോടെ ആശുപത്രിയിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബുമായി സംസാരിച്ചു.
സൂപ്രണ്ട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാകാം ടോണിക്ക് സമീപമെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന മെയില്‍ നഴ്സ് ടോണിയെ പരിചരിക്കാന്‍ ശ്രമിക്കാതെ ഭാര്യ രഞ്ജിനിയോട് തട്ടിക്കയറുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇതു ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരെ ഇയാള്‍ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ മെയില്‍ നഴ്സ് പോയി സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായെത്തി മാധ്യമപ്രവര്‍ത്തകരെ വാര്‍ഡിനു പുറത്താക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന്റെ വക്കോളം എത്തിച്ചു. ഈ സമയത്തും രോഗിയെ ഒന്നും തിരിഞ്ഞുനോക്കാന്‍ പോലും ഇയാള്‍ തയാറായതുമില്ല. രോഗിയുടെ നില അനുനിമിഷം വഷളാകുകയുമായിരുന്നു.
വാര്‍ഡില്‍ മാധ്യമ പ്രവര്‍ത്തകരും മെയില്‍ നഴ്സുമായി വാക്കേറ്റം നടക്കുന്നതറിഞ്ഞ ആശുപത്രി സൂപ്രണ്ട് നിര്‍ദേശിച്ചതനുസരിച്ച് എട്ടുമണിയോടെ ഡോക്ടര്‍മാരെത്തി ആദ്യമായി ടോണിയെ പരിശോധിച്ചു. നാലു രക്തപരിശോധനകള്‍ക്കും സ്കാനിംഗിനും നിര്‍ദേശിച്ചു. അരമണിക്കൂറിനുശേഷം, പരിശോധനകളുടെ റിസള്‍ട്ട് എത്തുന്നതിനും മുമ്പേ ഒരു ഡോക്ടര്‍ എത്തി രോഗിക്കു കിഡ്നിക്കും കരളിനും രോഗമുള്ളതിനാല്‍ ഇവിടെ ചികിത്സയ്ക്ക് സമയമെടുക്കുമെന്നും ഏതെങ്കിലും സ്വകാര്യാശുപത്രിയില്‍ കൊണ്ടുപൊയ്ക്കൊള്ളാനും പറഞ്ഞു.
ഇവിടെ കിടക്കുന്ന ഓരോ നിമിഷവും ടോണിയുടെ ജീവന് അപകടത്തിലാണെന്ന തിരിച്ചറിവില്‍ ടോണിയുടെ നിര്‍ധന കുടുംബം ടോണിയെയും കൊണ്ട് എറണാകുളം അമൃതാ ആശുപത്രിയിലേക്കു കുതിച്ചു. അവിടെ എത്തിയ ഉടന്‍ ടോണിയെ വെന്റിലേറ്ററിലാക്കി.
അതീവ ഗുരുതരാവസ്ഥയിലായിരിക്കെ വിദഗ്ധ ചികിത്സയ്ക്ക് അയച്ച ടോണിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമുതല്‍ അമൃത ആശുപത്രിയില്‍ എത്തുന്നതുവരെയും 17 മണിക്കൂറോളം ചികിത്സയും പരിചരണവും ലഭിക്കാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇപ്പോള്‍ മരണത്തോടു മല്ലടിക്കുന്ന നിലയിലാണ് ടോണി. ആരോഗ്യനിലയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
പ്രതിഷേധം ശക്തമാകുന്നു
ഏറ്റുമാനൂര്‍: സ്റ്റാര്‍ വിഷന്‍ കാമറാമാന് ടോണി വെമ്പള്ളിക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുകയും ടോണിയുടെ നില അതീവ ഗുരുതരമാകുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.
“”വാര്‍ഡില്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയാണുണ്ടായത്. എന്തുകൊണ്ട് രോഗിക്ക് 13 മണിക്കൂറോളം ചികിത്സ ലഭിച്ചില്ല എന്നതിന് മറുപടി ലഭിച്ചേ മതിയാകൂ. ടോണിയുടെ ഭാര്യയോട് അപമര്യാദയായി സംസാരിച്ച മെയില്‍ നഴ്സിനെതിരെ ശക്തമായ നടപടി ഉണ്ടാകണം.
ആശുപത്രി സൂപ്രണ്ട് നിര്‍ദേശം നല്‍കിയിട്ടും രോഗിക്കു ചികിത്സ നല്കാന് ഡോക്ടര്‍ തയാറായില്ല എന്നത് ഗൗരവമായി കാണണം. തെര്‍മോമീറ്റര്‍ ഇല്ലാത്തതിനാല്‍ രോഗിയുടെ പനി അളക്കാന്‍ കഴിഞ്ഞില്ല എന്നത് നാണക്കേടുണ്ടാക്കുന്നു. സൂപ്രണ്ട് ഉള്‍പ്പെടെ ആശുപത്രി അധികൃതര്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്നും ഒഴിവാകാന്‍ കഴിയില്ല.സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.”
വി.എന്‍. വാസവന്
(സിപിഎം ജില്ലാ സെക്രട്ടറി)
“”ഗുരുതരാവസ്ഥയില്‍ എത്തിച്ച രോഗിക്ക് നിര്‍ണായകമായ 13 മണിക്കൂറോളം ചികിത്സ നിഷേധിച്ച സംഭവത്തില്‍ അന്വേഷണം ഉണ്ടാകണം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകനുണ്ടായ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നത് ഭീതിയുണര്‍ത്തുന്നു.
സ്വകാര്യാശുപത്രിയില്‍ നിന്നും റഫര്‍ ചെയ്യപ്പെട്ടുവന്ന രോഗിക്ക് ചികിത്സയൊന്നും നല്‍കാതെ മണിക്കൂറുകള്‍ക്കുശേഷം മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് പറഞ്ഞയയ്ക്കാന് കാരണക്കാരനായ ഡോക്ടര്‍ക്കെതിരെയും ടോണിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ മെയില്‍ നഴ്സിനെതിരെയും നടപടി ഉണ്ടാകണം.”
കെ.ഐ. കുഞ്ഞച്ചന്
(സിപിഐ ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി)