ചെറായില്‍ മദ്യപസംഘത്തിന്റെ കൈയേറ്റം: വയോധികന്‍ ആകാശത്തേക്ക് നിറയൊഴിച്ചു

gunചെറായി : സ്ത്രീകളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി ബീച്ചിലെത്തിയ വയോധികനെ മദ്യപാന സംഘം കൈയേറ്റത്തിനു മുതിര്‍ന്നതിനെ  തുടര്‍ന്ന് വയോധികന്‍ കൈയില്‍ കരുതിയിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിറയൊഴിച്ചു. ഇതോടെ ആക്രമികളും സ്ഥലവാസികളും ബീച്ചിലുണ്ടായിരുന്നവരും ഭയപ്പാടോടെ ഒരു നിമിഷത്തേക്ക് സ്തംബ്ധരായി . ഇന്നലെ വൈകുന്നേരം ആറുമണിയോടെ ചെറായി ബീച്ചിനു വടക്ക് മാറിയാണ് സംഭവം.

കോതമംഗലം സ്വദേശി രാജുപോള്‍ (62) ആണ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ഉച്ചക്ക് ഒരുമണിയോടെ ബീച്ചിലെത്തിയ ഇവര്‍ തിരക്ക് അല്‍പ്പം ഒഴിഞ്ഞ മണല്‍പരപ്പ് നോക്കിയാണ് കുളിക്കാനിറങ്ങിയത്. കുളിയും കളിയുമൊക്കെ കഴിഞ്ഞ്  വൈകുന്നേരത്തോടെ  സ്ത്രീകള്‍ ബീച്ചിലെ മറനോക്കി വസ്ത്രം മാറുന്നതിനിടയിലാണ് മദ്യപാനികള്‍ സ്ഥലത്തെത്തിയത്. ബീച്ചില്‍ നിന്നും വസ്ത്രം മാറുന്നത് ഇവര്‍ ചോദ്യം ചെയ്തു.  ഇത് വയോധികന്‍ ഏറ്റുപിടിച്ച് കശപിശയായി. തുടര്‍ന്ന് മദ്യപസംഘം ഇയാളുടെ കൈവിരലുകളുടെ ഇടയില്‍ കടിച്ചു. കടിവിടാതെ  വേദന അസഹനീയമായപ്പോള്‍ ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ആളുകള്‍ ഓടിക്കൂടി എല്ലാവരേയും പിടിച്ചുമാറ്റി.

തുടര്‍ന്ന് പോലീസെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. ലൈസന്‍സുള്ള തോക്കാണെന്നാണ് വയോധികന്‍ പോലീസിനോട് പറഞ്ഞത്. മാത്രമല്ല അടിപിടികൂടുന്നതിനിടയില്‍ നിലത്ത് വീണ തോക്ക് എടുത്ത് പിടിക്കുന്നതിനിടെ പൊട്ടിയതാണെന്നാണ് ഇയാള്‍ പോലീസിനു നല്‍കിയ മൊഴി. ലൈസന്‍സ് ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വയോധികന്റെ കൈയിലെ മുറിവ് ഗുരുതരമാണ്. തുന്നലിടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോയി. ഈ സംഭവത്തില്‍ വയോധികന്റെ പരാതിയെ തുടര്‍ന്ന് മുനമ്പം പോലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related posts