ജനപ്രിയ കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു; സംസ്കാരം ഞായറാഴ്ച

tomകോട്ടയം: ബോബനും മോളിയും കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ അര നൂറ്റാണ്ടിലേറെക്കാലം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ കാര്‍ട്ടൂണിസ്റ്റ് ടോംസ് (87) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടര്‍ന്നു കോട്ടയത്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടോംസ് ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അന്ത്യം.

കുട്ടനാട് അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനാണ് ടോംസ് എന്ന വി.ടി.തോമസ്. പഠനത്തിനുശേഷം സൈന്യത്തില്‍ 10 വര്‍ഷം സേവനമനുഷ്ഠിച്ചു. 30-ാം വയസിലാണ് കാര്‍ട്ടൂണ്‍ വരയിലേക്കു തിരിഞ്ഞത്. സത്യദീപത്തിലാണ് ബോബനും മോളിയും കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങിയത്. പിന്നീട് മലയാള മനോരമയി ലും തുടര്‍ന്ന് കലാകൗമുദിയിലും വരച്ചു.

കേസില്ലാ വക്കീല്‍ പോത്തന്‍, അമ്മ മറിയാമ്മ, അപ്പി ഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണന്‍ തുടങ്ങിയ കഥാപാത്രങ്ങളും ടോംസിന്റേതായി പുറത്തുവന്നു. കേരളത്തിലെ മധ്യവര്‍ഗ കുടുംബങ്ങളിലെ ജീവിതത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ച് ഇദ്ദേഹം ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ചു.

പില്‍ക്കാലത്ത് കോട്ടയത്ത് ടോംസ് കോമിക്‌സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി.
കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ കെ.ജെ. ഈപ്പന്റെ മകള്‍ തെരീസാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. മക്കള്‍: ബോബന്‍, ബോസ് (മാനേജിംഗ് പാര്‍ട്‌നേഴ്‌സ്, ടോംസ് കോമിസ്ക്, കോട്ടയം), ഡോ. പീറ്റര്‍ (യുകെ), മോളി പോള്‍ നെയ്യാരപ്പള്ളി (ചേര്‍ത്തല), റാണി ടോജോ കുളത്തൂര്‍ (കണ്ണൂര്‍), ഡോ.പ്രിന്‍സി ബിജു റോസ് വില്ല (മുംബൈ).

Related posts