പാലക്കാട്: കനത്ത വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ സ്ക്കൂള് മാനേജ്മേന്റുകളോടും, പ്രധാനദ്ധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ട്യൂഷന് ക്ലാസ്സുകളും അവധിക്കാല ക്ലാസ്സുകളും, സ്പെഷ്യല്‍ ക്ലാസ്സുകള്‍, സമ്മര്‍ ക്യാമ്പുകള്‍ എന്നിവയും നടത്താന്‍ പാടില്ല.
നിര്‍ദ്ദേശം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ്സുള്ള സ്ഥാപനങ്ങള്‍ക്കും ടെക്നിക്കല്‍ സ്ക്കൂളുകള്‍ക്കും ബാധകമാണ്. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കും നിര്‍ദ്ദേശം ബാധകമല്ല. കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് നിരോധനം പുന:പരിശോധിക്കും. ജില്ലയില്‍ സൂര്യതാപ- ആഘാത ഭീഷണിയുള്ള തിനാല്‍ മധ്യവേനലവധിക്കാലത്ത് ജില്ലയിലെ സ്കൂളുകളില്‍ (ഗവ/എയ്ഡഡ്/എണ് എയ്ഡഡ്) വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വഴിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

