പാലക്കാട്: കൃഷി ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്താത്തത് ജില്ലയിലെ കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ജില്ലയിലെ 95 കൃഷിഭവനുളില് 29 കൃഷി ഓഫീസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിവുവരുമ്പോള്‍ തൊട്ടടുത്ത കൃഷി ഭവനിലെ ഓഫീസര്‍ക്ക് ചുമതല നല്‍കുകയാണ് പതിവ്. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ഓഫീസര്‍മാര്‍ ഇരട്ടിഭാരം ചുമക്കേണ്ടിവരുന്നതിനാല് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഫലം കാര്‍ഷികമേഖലയ്ക്ക് ലഭിക്കാതെ പോകുന്നു. സര്‍ക്കാരിന്റെ വിവിധ വിജ്ഞാനവ്യാപന പരിപാടികളുടെയും പഞ്ചായത്തുതല പദ്ധതികളുടെയും നടപ്പാക്കല്‍ കൃഷി ഓഫീസറുടെ ചുമതലയാണ്.
കര്‍ഷകര്‍ക്കുള്ള വിവിധ പരിശീലനപദ്ധതികള്‍, നാളികേരസംഭരണം, കെ.എല്‍.യു അപേക്ഷകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവ ഇതിനുപുറമെയാണ്. കൃഷിഭവനിലെ ദൈനംദിന ചുമതലകള്‍ വേറെയുമുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം ചുമതല വഹിക്കേണ്ടിവരുന്നത് പാലക്കാട് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്കാണ്. നെല്ലും പച്ചക്കറിയും തെങ്ങും വ്യാപകമായി കൃഷി ചെയ്യുന്നതിനാലാണിത്. നിലവില്‍ കൃഷി ഓഫീസര്‍മാരുടെ പി.എസ്.സി റാങ്ക്ലിസ്റ്റില്ല.
എഴുത്തപരീക്ഷ കഴിഞ്ഞെങ്കിലും പി.എസ്.സി ഇതിലേക്ക് കൂടിക്കാഴ്ച നടത്തിയിട്ടില്ല. രണ്ടായിരത്തോളം പേരാണ് കൃഷി ഓഫീസര്‍ തസ്തികയിലേക്ക് എഴുത്തുപരീക്ഷകഴിഞ്ഞ് കാത്തിരിക്കുന്നത്. എംപ്ലോയ്മെന്റ് രജിസ്ട്രേഷനുള്ളവരും നിരവധിയുണ്ട്. സ്ഥിരനിയമനം വരുന്നതുവരെ താത്കാലികക്കാരെ നിയമിച്ചെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷകര്‍ പറയുന്നു.
ഒന്നാം വിളയുടെ വിളവെടുപ്പ് ഓണത്തിന് തുടങ്ങുമെങ്കിലും ഇതുവരെയായി വിത്തിനും മണ്ണൊരുക്കുന്നതിനുമുള്ള ആനുകൂല്യങ്ങള്‍ പല പദ്ധതി ഉത്തരവുകളില്‍ കുടുങ്ങി കിട്ടിയിട്ടുമില്ല. ഇതിനിടയില്‍ സ്ഥലമാറ്റവും കൂടി നടത്തിയിരിക്കുന്നു. കാലവര്‍ഷവും കൈവിട്ടതോടെ കര്‍ഷകര്‍ക്ക് ആശ്വാസമായ സബ്സിഡികളും കിട്ടാത്ത അവസ്ഥയാണിപ്പോള്‍. കൃഷിഭവനുകളില്‍ കൃഷി ഓഫീസര്‍മാരെ ഉടന്‍ നിയമിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാനാവശ്യം.