ജില്ലാ കളക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത് ; കണ്ണൂര്‍ കളക്ടറേറ്റും പെട്രോള്‍ ടാങ്കും തകര്‍ക്കും’

KNR-COLLECTRATEകണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ സംഭരണ ടാങ്കും തകര്‍ക്കുമെന്നു ഭീഷണി മുഴക്കി ജില്ലാ കളക്ടര്‍ക്ക് അജ്ഞാതന്റെ കത്ത്. ഇന്നലെ ഉച്ചയ്ക്കു തപാലിലാണു കത്ത് കളക്ടറേറ്റില്‍ ലഭിച്ചത്. വെള്ളക്കടലാസില്‍ എഴുതിയ കത്തില്‍ ആരാണു കത്തയച്ചതെന്ന സൂചനയൊന്നുമില്ല. ജില്ലാ കളക്ടര്‍ അവര്‍കള്‍ക്ക് എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ‘ഇവിടെ കര്‍ഷകരെ ജപ്തി ചെയ്യുന്നു, ഇതു തുടര്‍ന്നാല്‍ കളക്ടറേറ്റും ഭാരത് പെട്രോളിയം കോര്‍പറേഷന്റെ കണ്ണൂരിലെ ടാങ്കും തകര്‍ക്കാന്‍ പദ്ധതിയിടുന്നു, അതിനാല്‍ സൂക്ഷിക്കുക’ എന്നാണ് നാലുവരിയിലുള്ള കത്തിലുള്ളത്.

ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍, എന്ന വിലാസത്തിലുള്ള കത്തില്‍ അഞ്ചു രൂപയുടെ സ്റ്റാമ്പാണ് ഒട്ടിച്ചിരിക്കുന്നത്. കത്ത് എവിടെനിന്നാണ് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. കളക്ടര്‍ പി. ബാലകിരണിനു കിട്ടിയ കത്ത് ജില്ലാ പോലീസ് സൂപ്രണ്ടിനു കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തിനെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും തീവ്രവാദ സംഘടനകളും മറ്റും ബന്ധപ്പെട്ടും അന്വേഷണം നടത്തുമെന്നും പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

Related posts