ജോണി നെല്ലൂര്‍ ഉടക്കില്‍ തന്നെ… ചെന്നിത്തല വിളിച്ചു; ഉമ്മന്‍ ചാണ്ടി വിളിച്ചില്ല, കോണ്‍ഗ്രസ് മര്യാദ കാണിക്കണമായിരുന്നു

jonhyഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: യു.ഡി.എഫിനു വേണ്ടി ഈ തെരഞ്ഞെടുപ്പില്‍ ശബ്ദിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജോണിനെല്ലൂര്‍. അനുനയ ശ്രമത്തിന് മുഖ്യമന്ത്രി വിളിച്ചുവെന്ന പ്രചരണം തെറ്റാണ്. രമേശ് ചെന്നിത്തല വിളിച്ചിരുന്നു. യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന് പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്ന് മറുപടി പറഞ്ഞുവെന്നും ജോണി നെല്ലൂര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

അങ്കമാലി സീറ്റ് നല്‍കാതിരിക്കാനുള്ള വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ ഇനിയും യു.ഡി.എഫ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. അങ്കമാലി തരാന്‍ കഴിയില്ലെങ്കില്‍ മറ്റേതെങ്കിലും സീറ്റു നല്‍കാനുള്ള മര്യാദ കോണ്‍ഗ്രസ് കാണിക്കണമായിരുന്നു. സീറ്റ് തരാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. ജേക്കബ് ഗ്രൂപ്പുമായി ഇനി ഒത്തുപോകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി അംഗത്വം രാജിവച്ചിട്ടില്ല. ചെയര്‍മാന്‍ സ്ഥാനമേ രാജിവച്ചിട്ടേയുള്ളുവെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.  അനൂപുമായി സംസാരിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പു പ്രചരണവുമായി ഓടി നടക്കുന്നവര്‍ക്ക് മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുമോ. അനൂപിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമോയെന്ന ചോദ്യത്തിന് ഇതുവരെ അതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

യു.ഡി.എഫിനെ പല പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാന്‍ വാതോരാതെ സംസാരിച്ചയാളാണ് താന്‍. എന്നിട്ട് അവര്‍ എന്നോട് കാണിച്ച വഞ്ചന പെട്ടെന്ന് പൊറുക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അര്‍ഹമായ സ്ഥാനം നല്‍കാമെന്നാണ് വാഗ്ദാനം.

എന്തു സ്ഥാനം നല്‍കുമെന്നാണ് പറയുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമാണോ എന്തുസ്ഥാനമാണെങ്കിലും വ്യക്തമായി പറയാനുള്ള മര്യാദ ഇതുവരെ കാണിച്ചിട്ടില്ല. കോതമംഗംലം സീറ്റിനായി എല്‍.ഡി.എഫുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടത്തിയിട്ടില്ല. വൈകിപ്പോയതു കൊണ്ടാണ് പരിഗണിക്കാത്തതെന്ന് കേള്‍ക്കുന്നുണ്ട്. ഇനി അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. തത്കാലം ഒരു മുന്നണിയ്ക്കുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനാധ്യപത്യ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍.

അതൊക്കെ ഊഹാപോഹം മാത്രമാണ്. അടിസ്ഥാനപരമായി താനിപ്പോഴും കേരള കോണ്‍ഗ്രസുകാരനാണ്. ഒരു മുന്നണിയോടും പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ല. ആരെങ്കിലുമായി സഹകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമയമാകുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കും. മൂവാറ്റുപുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പ്രവര്‍ത്തകരില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ട്. തീരുമാനമെടുത്തിട്ടില്ല. നോമിനേഷന്‍ കൊടുക്കാന്‍ സമയമുണ്ടല്ലോ. എല്ലാപേരുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും.

Related posts