കൊച്ചി: കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പോലീസ് സഹോദരങ്ങളുടെ മൊഴി രേഖപ്പെടുത്തി. അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. നിസാം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഉറച്ചു നില്ക്കുന്നതായി ഇരുവരും പറഞ്ഞു.
പണം കേസിനു വേണ്ടി മാറ്റിവച്ചില്ലെങ്കില്‍ ഇരുവരുടെയും കൈയും കാലും വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ടിപി വധക്കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്നും വധശിക്ഷയ്ക്ക് തടവില്‍ കഴിയുന്ന അവരെ ഉപയോഗിച്ച് റസാഖിനെയും നിസാറിനെയും ഇല്ലാതാക്കുമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്. വിചാരണയ്ക്കായി ബംഗളുരുവിലേക്കു കൊണ്ടുപോയ നിസാമിനെ കിംഗ് ബീഡി കമ്പനിയുടെ സെയില്‍സ് മാനേജരായ രതീഷ് അനുഗമിച്ചതായും മൊഴിയില്‍ പറയുന്നു.
നേരത്തെ, ജയിലില്‍ കഴിയുന്ന നിസാം മൊബൈല്‍ ഫോണ്‍ വഴി സഹോദരങ്ങളെ വിളിച്ചു ഭീഷണി മുഴക്കിയതായാണ് ആരോപണം ഉയര്‍ന്നത്. സഹോദരങ്ങളെ എവിടെനിന്നാണ് നിസാം വിളിച്ചതെന്നും ആരുടെ ഫോണില്നിന്നാണിതെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചുവരികയാണ്. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ഇക്കാര്യം ഒരാഴ്ച മുമ്പുതന്നെ തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനിയെ കണ്ടു പരാതിപ്പെട്ടിരുന്നു. പോലീസിന്റെയും ജയില്‍ അധികൃതരുടെയും വഴിവിട്ട സഹായം നിസാമിനു കണ്ണൂരില്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും.
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണു നിസാം ഇപ്പോള്‍. നിസാം തങ്ങള്‍ക്കെതിരേ വധഭീഷണി മുഴക്കിയെന്നു സഹോദരങ്ങളാണു തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനിക്കു പരാതി നല്‍കിയത്.