കോഴിക്കോട്: മലപ്പുറത്തിനു പിന്നാലെ കോഴിക്കോട്ടും ഡിഫ്തീരിയ ഭീതി. ജില്ലയില്‍ വനിതാഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശിനിയും ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ഡോക്ടറുമായ ഷാദിയ (37), മാവൂര്‍ കണ്ണിപറമ്പ് സ്വദേശി മഹേഷ് (25), കുന്നമംഗലം സ്വദേശിനി നീതു (32) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയത്. ഡോക്ടര്‍ക്കുള്‍പ്പെടെ ഡിഫ്തീരിയ ബാധിച്ച സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായി.
അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്കിടയിലും രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്സിനേഷന് എല്ലാ പ്രായക്കാരിലേക്കും വ്യാപിപ്പിക്കും. ടിഡി വാക്സിന് മൂന്നുഡോസ് വീതമാണ് മുതിര്‍ന്നവര്‍ക്ക് നല്‍കേണ്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മരുന്ന് നല്‍കും.
മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച വാക്സിനില്‍ നിന്ന് കോഴിക്കോട്ടേക്കു കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേരും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു യോഗത്തില്‍ രൂപം നല്‍കും.