മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തില്‍ തത്തേങ്ങലത്തു പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി. സന്ധ്യയാകുന്നതോടെ നിരവധിപേരാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തുന്നത്. പാത്രക്കടവ് ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനാണ് അമ്പതോളം ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്.എന്നാല്‍ പദ്ധതി ഉപേക്ഷിച്ചതോടെ ഈ ക്വാര്‍ട്ടേഴ്‌സുകള്‍ ഉപയോഗശന്യമാകുകയായിരുന്നു. അടഞ്ഞുകിടന്ന ഈ അടഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകളാണ് സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുന്നത്. കെഎസ്ഇബിയും വനംവകുപ്പും ക്വാര്‍ട്ടേഴ്‌സിന്റെ ഉടമസ്ഥതയെച്ചൊല്ലി നിലനിന്ന തര്‍ക്കം പരിഹരിക്കാന്‍ ഇനിയുമായിട്ടില്ല.
ക്വാര്‍ട്ടേഴ്‌സുകളില്‍ രാത്രികാലങ്ങളില്‍ മദ്യപരുടെ അഴിഞ്ഞാട്ടമാണ്. ഒഴിഞ്ഞ മദ്യകുപ്പികളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതിനാല്‍ കുപ്പികളും ആഹാരസാധനങ്ങളും നായ്ക്കളുടെ ശല്യവും ഇവിടെ ശക്തമാണ്. ഇതുമൂലം പരിസരവാസികള്‍ ദുരിതത്തിലാണ്.
ക്വാര്‍ട്ടേഴ്‌സിന്റെ വിലപിടിപ്പുള്ള കട്ടിള, ജനല്‍ എന്നിവയെല്ലാം സാമൂഹ്യവിരുദ്ധര്‍ ഇളക്കിയെടുത്തു. ദൂരെ സ്ഥലങ്ങളില്‍നിന്നുള്ളവരാണ് ഏറെയും മദ്യപാനത്തിനു വരുന്നതത്രേ. ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസത്തിനു നല്കിയാല്‍ ഏറെ ഉപകാരപ്രദമാകും. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ താമസസൗകര്യമില്ലാതെ വലയുകയാണ്. ഓരോവര്‍ഷവും ലക്ഷക്കണക്കിന് രൂപയാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുന്നതിനാല്‍ നഷ്ടമാകുന്നത്.