തൃശൂരിന്റെ രണ്ടാമത്തെ ‘സ്വന്തം മന്ത്രി’ കുടിവെള്ള പ്രശ്‌നത്തിനും നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരം ഉണ്ടാക്കുമെന്നാണ് സുനില്‍കുമാര്‍

sunilkumarസ്വന്തം ലേഖകന്‍

തൃശൂര്‍: തൃശൂരിലെ ജനപ്രതിനിധിയെന്ന നിലയില്‍ രണ്ടാമത്തെ മന്ത്രിയാകാനുള്ള ഭാഗ്യം വി.എസ്.സുനില്‍കുമാറിനു സ്വന്തം. ഇഎംഎസ് മന്ത്രിസഭയുടെ കാലത്തു തൃശൂരിനെ പ്രതിനിധീകരിച്ച എ.ആര്‍.മേനോന്‍ കഴിഞ്ഞാല്‍ ഇതാദ്യമായാണ് തൃശൂരിന്റെ ജനപ്രതിനിധി മന്ത്രിസഭയിലെത്തുന്നത്.

കെ.കരുണാകരനും സി.അച്യുതമേനോനും പ്രഫ. ജോസഫ് മുണ്ടശേരിയും വി.വി.രാഘവനുമൊക്കെ തൃശൂരിന്റെ സ്വന്തം നേതാക്കളെന്ന നിലയ്ക്കു മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെയായിരുന്നെങ്കിലും ഇവര്‍ അധികാരത്തിലിരുന്നപ്പോള്‍ തൃശൂര്‍ മണ്ഡലത്തിന്റെ പ്രതിനിധികളായിരുന്നില്ല. ചേര്‍പ്പ്, കയ്പമംഗലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് കഴിഞ്ഞ പത്തുവര്‍ഷമായി എംഎല്‍എ ആയി തുടരുന്ന സുനില്‍കുമാറിനെ തൃശൂരിലേക്കു മാറ്റി മണ്ഡലം പിടിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനവും ചരിത്രമായി മാറി.

സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊടകരയെയാണ് പ്രതിനിധീകരിച്ചിരുന്നത്. ആദ്യ ഇഎംഎസ് മന്ത്രിസഭയില്‍ പ്രഫ. ജോസഫ് മുണ്ടശേരി  വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ മണലൂരിന്റെ പ്രതിനിധിയായിരുന്നു. ഈ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന എ.ആര്‍.മേനോനാണ് തൃശൂരിന്റെ സ്വന്തമായുള്ള ആദ്യത്തെ മന്ത്രി.

1970ല്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രഫ. ജോസഫ് മുണ്ടശേരി തൃശൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചിരുന്നെങ്കിലും മന്ത്രിക്കസേരയിലെത്തിയില്ല.  കെ.കരുണാകരന്‍ മാള മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയിരുന്നത്. വി.വി.രാഘവന്‍ തൃശൂരിലെ എംപി ആയിരുന്നെങ്കിലും ചേര്‍പ്പ് മണ്ഡലത്തിലെ എംഎല്‍എ ആയിരിക്കുമ്പോഴാണ് ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായത്.

കാല്‍നൂറ്റാണ്ട് തൃശൂര്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന തേറമ്പില്‍ രാമകൃഷ്ണന്‍ നിയമസഭാ സ്പീക്കറായിരുന്നിട്ടുണ്ടെങ്കിലും മന്ത്രിക്കസേരയിലെത്തിയില്ല. 1995ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിവച്ചപ്പോള്‍ സ്ഥാനമേറ്റെടുത്ത എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് തേറമ്പില്‍ രാമകൃഷ്ണന്‍ നിയമസഭാ സ്പീക്കറായത്.

1995 ജൂണ്‍ 27 മുതല്‍ 1996 മേയ് 28 വരെ സ്പീക്കറുടെ കസേരയിലിരുന്നു. പിന്നീട് 2004ല്‍ എ.കെ.ആന്റണി രാജിവച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത കാലഘട്ടത്തിലാണ് വീണ്ടും തേറമ്പില്‍ സ്പീക്കറായത്. 2006 മേയ് 24 വരെ സ്പീക്കറായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നെങ്കിലും തേറമ്പില്‍ രാമകൃഷ്ണനെ സ്പീക്കര്‍സ്ഥാനത്തേക്കോ മന്ത്രിസ്ഥാനത്തേക്കോ പരിഗണിച്ചില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ തൃശൂര്‍ ജില്ലയില്‍നിന്നു സി.എന്‍.ബാലകൃഷ്ണന്‍ മാത്രമായിരുന്നു മന്ത്രിസഭാംഗമായിരുന്നത്.

പ്രഫ. ജോസഫ് മുണ്ടശേരിക്കുശേഷം ജില്ലയില്‍നിന്നുള്ള ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലും പുതുക്കാടു മണ്ഡലത്തിലെ പ്രതിനിധിയായ പ്രഫ. സി.രവീന്ദ്രനാഥ് ചരിത്രത്തില്‍ ഇടം നേടും.  തൃശൂരിനെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ അംഗമെന്ന നിലയില്‍ വി.എസ്.സുനില്‍കുമാറിനു തൃശൂര്‍ നഗരത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കാന്‍ എളുപ്പമാകും. കുടിവെള്ള പ്രശ്‌നത്തിനും നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരം ഉണ്ടാക്കുമെന്നാണ് എംഎല്‍എ ആയശേഷം സുനില്‍കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയാകുന്നതോടെ തൃശൂരിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി എളുപ്പമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Related posts