പരവൂര്‍ : പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ മഹാദുരന്തത്തില്‍ ലോക മന:സാക്ഷി ദു:ഖാര്‍ത്തരായി നില്‍ക്കുമ്പോള്‍ ദുരന്തത്തിന് മാനുഷിക മുഖമല്ലാതെ മറ്റ് മുഖം നല്‍കുന്നത് മനുഷ്യരഹിതവും ദൈവനിന്ദയും ആണെന്ന് ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു.
ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുരിതത്തില്‍ ഇരയായവരുടെ കുടുംബത്തിന് സഹായത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നും, ദുരിതബാധിതരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായവും, പഠനപോകരണവും നല്‍കുമെന്നും ബിഷപ് പറഞ്ഞു.
ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകരുതേയെന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ത്തോമാ സഭയുടെ ആഘോഷങ്ങളില്‍ കരിമരുന്ന് പ്രയോഗം വര്‍ഷങ്ങള്‍ക്ക് മുമ്പെ നിരോധിച്ചതാണെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.
മെത്രാപ്പൊലീത്തയോടൊപ്പം സഭാ സെക്രട്ടറി ഉമ്മന്‍ ഫിലിപ്പ്, ട്രസ്റ്റി പ്രകാശ് തോമസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി എക്‌സിക്യുട്ടീവ് അംഗം നെടുങ്ങോലം രഘു, ജോര്‍ജ് മാമന്‍, എ. ഷുഹൈബ്, എന്‍ ഉണ്ണികൃഷ്ണന്‍, എം തോമസ്, എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.