നാളികേര സംഭരണത്തിന്റെ പെര്‍മിറ്റ് വാങ്ങാന്‍ കര്‍ഷകരുടെ തിരക്ക്

knr-thiralkkuആലക്കോട്: കൃഷിഭവന്‍ മുഖേന നടപ്പാക്കുന്ന നാളികേര സംഭരണത്തിന്റെ പെര്‍മിറ്റ് വിതരണത്തില്‍ ആലക്കോട് കൃഷിഭവനില്‍ പെര്‍മിറ്റ് വാങ്ങാന്‍ എത്തിയവര്‍ നൂറുകണക്കിനു പേര്‍. ആലക്കോട് പഞ്ചായത്ത് ആസ്ഥാനത്തെ കൃഷിഭവനിലാണ് ഇന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ പെര്‍മിറ്റ് വാങ്ങാനെത്തിയ കര്‍ഷകരുടെ നീണ്ടനിര. പത്തോടെ 500 ഓളം കര്‍ഷകരാണ് പഞ്ചായത്ത് പരിസരത്ത് തിങ്ങിനിറഞ്ഞത്. ഇതിനിടെ കര്‍ഷകരുടെ ഇടയില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ പോലീസും സ്ഥലത്തെത്തിയാണ് ക്യൂ നിയന്ത്രിച്ചത്.

എന്നാല്‍ പെര്‍മിറ്റ് വിതരണത്തെ ചൊല്ലി കര്‍ഷകരുടെ ഇടയില്‍ വന്‍ അമര്‍ഷമാണ് ഉണ്ടായിരിക്കുന്നത്. മാസത്തില്‍ നാലുതവണ മാത്രമാണ് നാളികേര സംഭരണം നടക്കുന്നത്. ആഴ്ചയില്‍ കേവലം ഒരുതവണ 16 ടണ്‍ മാത്രം. ഇത്തരത്തില്‍ കണക്കുകൂട്ടുമ്പോള്‍ വര്‍ഷത്തില്‍ സംഭരിക്കാവുന്ന ആകെ നാളികേരം 768 ടണ്‍ മാത്രമാണ്. പെര്‍മിറ്റ് വാങ്ങിയ കര്‍ഷകരില്‍ 10 ശതമാനം കര്‍ഷകര്‍ക്കു മാത്രമാണു കണക്കുകള്‍ പ്രകാരം നാളികേര സംഭരണം വഴി നാളികേരം നല്‍കാന്‍ കഴിയൂ. പെര്‍മിറ്റ് ലഭിച്ച എല്ലാ കര്‍ഷകര്‍ക്കും നാളികേരം കൃഷിഭവന്‍ നടപ്പാക്കുന്ന സംഭരണം വഴി നല്‍കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നു ചുരുക്കം.

നാളികേര സംഭരണം ആഴ്ചയില്‍ ഒന്നായി ചുരുക്കി 16 ടണ്‍ മാത്രം സംഭരിക്കുന്നതിന്റെ കാരണമായി കൃഷിഭവന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് നാളികേര സംഭരണകേന്ദ്രം ഇല്ലായെന്ന കാരണമാണ്. എന്നാല്‍ ഇതിന് ആവശ്യമായ സംഭരണകേന്ദ്രം കണ്ടെത്തണമെന്നും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ സംഭരണം നടപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. പെര്‍മിറ്റ് നല്‍കുന്നതറിഞ്ഞ് കൃഷിഭവനിലെത്തിയ വയോധികരായ കര്‍ഷകരടക്കമുള്ളവരുടെ ആവശ്യം ഇതാണ്.

Related posts