നിയന്ത്രണം വിട്ട കാര്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലില്‍ വീണു

ekm-accidentകൊച്ചി: എറണാകുളം ഗോശ്രീ പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് വീണു. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. അമിതവേഗതയിലായിരുന്ന കാര്‍ പാലത്തിന്റെ കൈവരിയില്‍ തട്ടാതെ പറന്നാണ് കായലിലേക്ക പതിച്ചത്. കാറിലുണ്ടായിരുന്ന വൈപ്പിന്‍ കോനാത്ത് ഹൗസില്‍ ഡെയ്‌സണ്‍ (20) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് പോകുകയായിരുന്നു കാര്‍ മൂന്നാം  ഗോശ്രീ പാലത്തിലെത്തിയപ്പോഴാണ് സംഭവം.

പാലത്തിലേക്ക് കയറുന്ന ഭാഗത്തുള്ള കട്ടിംഗില്‍ വീണ  കാര്‍ നിയന്ത്രണം വിട്ടു. തുടര്‍ന്ന് ഇടതുവശത്തെ  മീഡിയനില്‍ തട്ടി. ഇതോടെ കാറിന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായി. തുടര്‍ന്ന് വലതുവശത്തേക്ക് തിരിഞ്ഞ കാര്‍ കൈവരിക്ക് മുകളിലൂടെ പറന്ന് കായലില്‍ വീഴുകയായിരുന്നു. സമീപത്ത് ചൂണ്ടയിട്ടുകൊണ്ട് നിന്നവര്‍ കാര്‍ പറന്ന് കായലില്‍ വീഴുന്ന കാഴ്ച്ച കണ്ട് ആദ്യം അമ്പരന്നു.

കായലില്‍ വീണ കാറില്‍ നിന്ന് പുറത്തുകടക്കാനായ ഡെയ്‌സണ് കാറിന് മുകളില്‍ കയറി നില്‍ക്കാന്‍ സാധിച്ചതിനാല്‍ അപകടം ഒഴിവായി. ഉടന്‍ തന്നെ അടുത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേര്‍ന്ന് ഡെയ്‌സണെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സിന് ക്രെയിന്‍ ഇല്ലാത്തതിനാല്‍ കാര്‍ കായലില്‍നിന്ന് പൊക്കിയെടുക്കാന്‍ സാധിച്ചില്ല. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ബോട്ടിന്റെ സഹായത്തോടെ വടം ഉപയോഗിച്ച് കാര്‍ പൊക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കാര്‍ കരയിലേക്ക് വലിച്ചടുപ്പിച്ചു.

Related posts