കൊല്ലം: നിയമത്തിന് പുല്ലുവില കല്പിച്ച് രജിസ്ട്രേഷന് നമ്പര്‍ വളരെ ചെറുതായി രേഖപ്പെടുത്തിയ വാഹനങ്ങള്‍ വ്യാപകമായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ആഡംബരകാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലാണ് രജിസ്ട്രേഷന് നമ്പര്‍ നിയമം ലംഘിച്ച് ചെറുതായി സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴും അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പര്‍ കണ്ടുപിടിക്കാന്‍ കഴിയാതെ വരുന്നുണ്ട്. ഇരുചക്രവാഹനങ്ങളുടെ കാര്യവും ഇതുതന്നെയാണ്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് യാതൊരു പരിശോധനയും നടത്താ റില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. അധികൃതരുടെ കണ്മുന്നിലൂടെ ഇത്തരത്തില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി എടുക്കാത്തത് ഇവര്‍ക്ക് രക്ഷയാകുകയാണ്. ചില വാഹന ഉടമകള്‍ അവര്‍ക്ക് തോന്നിയപോലെ ചെറുതാക്കിയാണ് നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുന്നത്. ഇതിനെതിരേ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി എടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.