നീലിപ്പാറയിലെ വിവാദ വീടിന്റെ ഉടമയ്ക്കു മിച്ചം ദുരിതങ്ങളും ജപ്തിഭീഷണിയും

pkd-ouseവടക്കഞ്ചേരി: ദേശീയപാതയിലൂടെ ചീറിപാഞ്ഞു പോകുന്ന കാറുകള്‍ നിയന്ത്രണംവിട്ട് നീലിപ്പാറയിലെ ജാനു വേലായുധന്റെ വീടിനുമുന്നിലെ തെങ്ങില്‍ കയറിനില്ക്കുന്ന രംഗങ്ങള്‍ ഇന്നും ആര്‍ക്കും മറക്കാനാകില്ല. മൂന്നുകാറുകളാണ് ദേശീയപാതയില്‍നിന്നും പത്തടിയോളം താഴ്ചയുള്ള ജാനു വേലായുധന്റെ വീട്ടുമുറ്റത്തെ ഒരേതെങ്ങില്‍ പൂച്ചകയറുംപോലെ പാഞ്ഞുകയറിയത്. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി വിദഗ്ധസംഘം പരിശോധിച്ചിട്ടും നിഗമനത്തിലെത്താനായില്ല. അപകടരംഗങ്ങള്‍ പത്രങ്ങളിലെല്ലാം വലിയ വാര്‍ത്തകളായതിനൊപ്പം ജാനു വേലായുധനും മക്കളും അപകടങ്ങളിലെ രക്ഷകരായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അപകടത്തില്‍നിന്നു രക്ഷപ്പെട്ടവരെല്ലാം ദേശീയപാത വഴി കടന്നുപോകുമ്പോള്‍ ഇപ്പോഴും ഈ വീട്ടിലെത്തി ക്ഷേമാന്വേഷണം നടത്തിയാണ് പോകുക.

കോട്ടയത്തുള്ള ഒരാള്‍ എല്ലാവര്‍ഷവും ക്രിസ്മസിന് ഇവര്‍ക്ക് സ്‌പെഷല്‍ കേക്ക് എത്തിക്കും. കാറുകള്‍ പാഞ്ഞുകയറിയ വീടിനു മുന്നിലെ തെങ്ങ് പിന്നീട് മുറിച്ചുമാറ്റി. അപകടപരമ്പരകളെല്ലാം പത്തുവര്‍ഷം മുമ്പുള്ള കാര്യങ്ങള്‍.ഇന്നിപ്പോള്‍ ഈ വീട്ടിലെ അമ്മ ജാനവും മക്കളും ദുരിതങ്ങളും രോഗങ്ങള്‍ക്കുമൊപ്പം ബാങ്കിന്റെ ജപ്തിഭീഷണിയിലുമാണ്. ഉള്ള സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി മകളുടെ വിവാഹത്തിനായി ബാങ്കില്‍നിന്നും വായ്പയെടുത്തത് ഇപ്പോള്‍ പലിശ പെരുകി തുക കുന്നുകൂടി. ബാങ്കുകാര്‍ ജപ്തിനടപടികള്‍ക്ക് വരികയാണെന്ന ഭീതിയില്‍ ഇവര്‍ പുറത്തുവരാന്‍ ഭയയ്ക്കുകയാണ്. അഞ്ചാമത്തെ മകള്‍ ചന്ദ്രികയാണ് വീട്ടുകാര്‍ക്ക് ധൈര്യംനല്കി വരുന്നവരുമായി സംസാരിക്കാന്‍ മുന്നോട്ടുവരിക.

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് 2005-ല്‍ ഇവരുടെ വീടിനു മുന്നിലെ ഇരുപത്തിനാലു സെന്റോളം വരുന്ന ഭൂമി അളക്കാന്‍ വന്നതോടെയാണ് ഈ ദരിദ്രകുടുംബത്തിന്റെ ദുരിതങ്ങള്‍ തുടങ്ങുന്നത്. പാതനിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ തങ്ങളുടെ സ്ഥലത്തിനും മതിയായ വില ലഭിക്കുമെന്നു കരുതിയാണ് ആധാരം പണയപ്പെടുത്തി വടക്കഞ്ചേരിയിലെ ഒരു ബാങ്കില്‍നിന്നും രണ്ടുലക്ഷം രൂപ വായ്പയെടുത്തത്.റോഡിനോടു ചേര്‍ന്നുള്ള ഭൂമിയുടെ വില ലഭിക്കുമ്പോള്‍ ബാങ്ക് വായ്പയും തിരിച്ചടയ്ക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഭൂമിയുടെ വില വിതരണ സമയത്താണ് അറിയുന്നത് ഇവരുടെ ഭൂമി എന്‍എച്ചിന്റെ പുറമ്പോക്കിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും റിസര്‍വേയിലുണ്ടായ അപാകതകളാണ് ഇതിനു കാരണമെന്നും ഇവര്‍ അറിയുന്നത്. ഇതോടെ വീട്ടുകാര്‍ മാനസികമായി തളര്‍ന്നു.

ഇവരുടെ വീട് ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ പട്ടയത്തില്‍ എന്‍.എച്ചുകാര്‍ പറയുന്ന പുറമ്പോക്ക് സ്ഥലവും ഇവരുടേതാണെന്നു കാണിക്കുന്ന രേഖകളുണ്ട്. ഇതിനു പുറമേ അച്ഛനും മുത്തച്്ഛനുമൊക്കെയായി മുക്കാല്‍ നൂറ്റാണ്ടിലേറെയായി ഇവരുടെ കൈശമുള്ള ഭൂമിയുമാണിത്.കിഴക്ക് പടിഞ്ഞാറായുള്ള ദേശീയപാതയുടെ വലതുഭാഗത്തുള്ള ഇവരുടെ ഭൂമിയുടെ മറ്റു രണ്ടുവശത്തും സ്വകാര്യഭൂമികളാണ്. അപ്പോള്‍ പിന്നെ ഇടയ്ക്കുള്ള ഭൂമി എങ്ങനെ പുറമ്പോക്കായി മാറുമെന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. രേഖകളില്‍ വന്ന തെറ്റുതിരുത്താന്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങി മകള്‍ ചന്ദ്രിക മടുത്തു.

മുഖ്യമന്ത്രി, റവന്യൂമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം പരാതി നല്കിയെങ്കിലും ആശ്വാസനടപടികള്‍ നീളുകയാണ്. കുറച്ചെങ്കിലും മനുഷ്യത്വമുള്ളവര്‍ സര്‍ക്കാര്‍ ഓഫീസുകളിലുണെ്ടങ്കില്‍ ഈ കുടുംബത്തിന്റെ ദൈന്യസ്ഥിതിയും കഷ്ടപ്പാടും ഓര്‍ത്തെങ്കിലും ഇവരുടെ കാര്യങ്ങള്‍ ശരിയാക്കി കൊടുക്കുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.അധികൃതരുടെ അവഗണനയ്‌ക്കൊപ്പം മരണങ്ങളും രോഗങ്ങളും ഈ കുടുംബത്തെ വേട്ടയാടുകയാണ്. അച്ഛന്‍ വേലായുധന്റെ മരണത്തിനു പുറമേ ചെറുപ്രായത്തില്‍തന്നെ വീട്ടിലെ മൂന്നു ആണ്‍മക്കളും മരിച്ചു. ഇനിയുടെ മക്കളില്‍ രൊള്‍ അന്ധയാണ്. ബുദ്ധിവളര്‍ച്ച കുറവും വികലാംഗനുമാണ് മറ്റൊരു മകന്‍. ഒരു മകന്‍ രണ്ടു കിഡ്‌നിയും തകരാറിലായി അവശനിലയിലും.സ്ഥലത്തിന്റെ കാര്യങ്ങള്‍ ശരിയാക്കാന്‍ മകള്‍ ചന്ദ്രികയാണ് ഇപ്പോള്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. എത്രകാലം ഈ അലച്ചില്‍ തുടരണമെന്നതിലും നിശ്ചയമില്ല. വൈകിയാണെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്.

Related posts